ശ്രീനാരായണ കൾച്ചറൽ മിഷന്റെ സാധനായാത്ര
ശിവഗിരി : അഹമ്മദാബാദ് കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ശ്രീനാരായണ കൾച്ചറൽമിഷന്റെ 12-ാമത് സാധനായാത്ര ശിവഗിരിയിലെത്തി. കുദ്രോളി ഗോകർണനാഥ ക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം, കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം, കോട്ടയം നാഗമ്പടം ക്ഷേത്രം, ഓച്ചിറ പരബ്രഹ്മക്ഷേത്രം, വാരണപ്പള്ളി തറവാട്, ചേവണ്ണൂർ കളരി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് 31 അംഗസംഘം ശിവഗിരിയിലെത്തിയത്. ഇന്ന് രാവിലെ ചെമ്പഴന്തി, അരുവിപ്പുറം, മരുത്വാമല, കുന്നുംപാറ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തുന്നസംഘം ഒക്ടോബർ 1ന് മടങ്ങും.
ശിവഗിരി തീർത്ഥാടനത്തിന്റെ മുന്നോടിയായാണ് ഗുരുഭക്തരുടെ വർഷംതോറുമുള്ള ഈ സാധനായാത്ര. കൾച്ചറൽമിഷൻ പ്രസിഡന്റ് കെ.ആർ. എസ് ധരൻ, വൈസ് പ്രസിഡന്റ് കെ.സി. അശോകൻ, ജനറൽ സെക്രട്ടറി കെ.എൻ. മുരളീധരൻ, ട്രഷറർ ഷിബു ഗംഗാധരൻ, ജോയിന്റ് ട്രഷറർ എൻ. ജി. ഉത്തംകുമാർ എന്നിവർ യാത്രാസംഘത്തിന് നേതൃത്വം നല്‍കി. സംസ്ഥാനത്തിന് പുറത്ത് മുംബയ് ശ്രീനാരായണമന്ദിര സമിതി കഴിഞ്ഞാൽ രണ്ടാമത്തെ ശ്രദ്ധേയ സംഘടനയാണ് ശ്രീനാരായണ കൾച്ചറൽ മിഷൻ. എണ്ണായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളും കോളേജുകളും മിഷന്റെ കീഴിലുണ്ട്. മിഷൻ ആസ്ഥാനത്ത് ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിക്കാൻ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരുന്നതായി പ്രസിഡന്റ് കെ.ആർ.എസ് ധരൻ അറിയിച്ചു.