വീൽ ചെയറിലിരുന്ന് വിജയഗാഥ, നിയമ പഠനം മുടക്കി പ്രീ ഡിഗ്രി
തൃശൂർ: കാറപകടത്തെത്തുടർന്ന് നെഞ്ചിനു താഴെ തളർന്ന ബിജു പോളിന് കൂട്ട് പാഠപുസ്തകങ്ങളായിരുന്നു.
എസ്.എസ്.എൽ.സി മാത്രം വിദ്യാഭ്യാസ യാേഗ്യതയുണ്ടായിരുന്ന ബിജു, വീൽചെയറിലിരുന്ന് പഠിച്ചു. തൃശൂർ മലയാള പഠനഗ വേഷണ കേന്ദ്രത്തിൽ നിന്ന് മുപ്പത്തിയൊമ്പതാം വയസിൽ ബി.എ മലയാളം പാസായി. തൃശൂർ കേരളവർമ്മയിലെ റഗുലർ വിദ്യാർത്ഥിയായി എം.എ മലയാളവും പൂർത്തിയാക്കി. ഇരുപത്തി മൂന്നാം വയസിലുണ്ടായ അപകടത്തിൽ സുഷുമ്‌നാ നാഡി തകർന്ന മരത്താക്കര ചേർപ്പൂക്കാരൻ ബിജു പോളിന് ഇപ്പോൾ വയസ് 49.
അതിനിടെ എൽ.എൽ.ബി മോഹവുമായി തൃശൂർ ഗവ. ലാ കോളേജിൽ ചേർന്നു. ആറു മാസം ആയപ്പോഴേക്കും പ്രീഡിഗ്രി പഠിക്കാത്തതിനാൽ അയോഗ്യനാക്കി. പ്രീഡിഗ്രിയില്ലെങ്കിലും നിയമപഠനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. അനുകൂല വിധിക്കായി കാത്തിരിപ്പ് തുടരുകയാണ്.
കുടുംബവീട്ടിൽ തനിച്ചാണ് താമസം. അടുത്ത വീടുകളിൽ സഹോദരങ്ങളുണ്ട്. കൈ കൊണ്ട് ആക്‌സിലറേറ്ററും ബ്രേക്കും പ്രവർത്തിപ്പിക്കാവുന്ന ഓട്ടോറിക്ഷയും കാറുമാണ് പുറം ലോകവുമായി കൂട്ടിയിണക്കുന്നത്. 2021 ൽ സംസ്ഥാന പാരാ പവർലിഫ്റ്റിംഗ് എൺപത് കിലോ ഗ്രാം കാറ്ററിയിൽ രണ്ടാമതെത്തിയിരുന്നു. വീൽചെയർ കാറ്റഗറിയിൽ മിസ്റ്റർ തൃശൂരായും, മിസ്റ്റർ കേരളയായി രണ്ടാം സ്ഥാനത്തുമെത്തി.
ഭിന്നശേഷി സൗഹൃദ സംസ്ഥാനമായ കേരളത്തിലും ഭിന്നശേഷിക്കാരെ മാറ്റിനിറുത്തുന്ന അവസ്ഥയുണ്ടെന്ന് ഓൾ കേരള വീൽ ചെയർ റൈറ്റ്‌സ് ഫെഡറേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗംകൂടിയായ ബിജു പറഞ്ഞു.
എൽ എൽ.ബി ചട്ടം
എൽ എൽ.ബി ക്ക് പഠിക്കണമെങ്കിൽ ബാർ കൗൺസിലിന്റെ ചട്ടപ്രകാരം എസ്.എസ്.എൽ.സി കഴിഞ്ഞ് പ്‌ളസ്ടു, അല്ലെങ്കിൽ പ്രീഡിഗ്രിയും ബിരുദവും പാസായിരിക്കണം. പ്രീഡിഗ്രിയില്ലാതെ നേരിട്ട് ബിരുദം നേടിയവർക്ക് പഠിക്കാൻ കഴിയില്ല. മറ്റ് കോഴ്‌സുകളുടെ നിയമങ്ങളല്ല എൽ എൽ.ബിക്കുള്ളത്.