കേരളത്തിൽ പുതിയ രണ്ട് കുഴിയാന വലച്ചിറകന്മാർ

Saturday 27 September 2025 1:21 AM IST

കോഴിക്കോട്: പശ്ചിമഘട്ടത്തിലെ വനപ്രദേശങ്ങളിൽ നിന്ന് രണ്ട് പുതിയ കുഴിയാന വലച്ചിറകന്മാരെ കണ്ടെത്തി. മിർമെലിയോണ്ടിഡേ കുടുംബത്തിൽപ്പെടുന്നതാണ് ഇവ. പാലക്കാട് ജില്ലയിലെ സൈരന്ധ്രി, ശിരുവാണി, ഇടുക്കിയിലെ പാമ്പാടുംചോല ദേശീയോദ്യാനം എന്നിവിടങ്ങളിൽ നിന്നാണ് 'ഇൻഡോഫാനസ് കേരളെൻസിസ് 'എന്ന കുഴിയാന വലച്ചിറകനെ കണ്ടെത്തിയത്. ഇതോടെ കേരളത്തിലെ കുഴിയാന വലച്ചിറകന്മാരുടെ ജീവജാതികളുടെ എണ്ണം പന്ത്രണ്ടും ഇന്ത്യയിൽ നൂറ്റിപ്പത്തുമായി. ശിരുവാണി (പാലക്കാട്), പക്ഷിപാതാളം, തിരുനെല്ലി (വയനാട്), റാണിപുരം (കാസർകോട്) എന്നിവിടങ്ങളിൽ നിന്നാണ് മറ്റൊരു ജീവജാതിയെ (ഇൻഡോഫാനസ് സഹ്യാദ്രിയെൻസിസ്) കണ്ടെത്തിയത്. ഇൻഡോഫാനസ് ജനുസ് ചൈന, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നേരത്തേ കണ്ടെത്തിയിരുന്നു. ഈയിനത്തിൽ ലോകത്ത് ഒമ്പത് ജീവജാതികളാണുണ്ടായിരുന്നത്. ഈ കണ്ടെത്തലോടെ പതിനൊന്നായി. ഇന്ത്യയിൽ ഇവയുടെ എണ്ണം അഞ്ചായി. ഇതിൽ മൂന്നെണ്ണം കേരളത്തിലാണ്.

കണ്ടെത്തലുകൾ അന്താരാഷ്ട്ര ശാസ്ത്ര ജേർണലായ 'സൂടാക്‌സ"യിൽ പ്രസിദ്ധീകരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി റിസർച്ച് ലാബ് ഗവേഷകനും എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ അസി.പ്രൊഫസറുമായ ഡോ. സൂര്യനാരായണൻ ടി.ബി, ക്രൈസ്റ്റ് കോളേജ് അസി. പ്രൊഫസർ ഡോ. ബിജോയ് സി, ഹംഗേറിയൻ ശാസ്ത്രജ്ഞൻ ഡോ. ലെവിൻഡി എബ്രഹാം എന്നിവരാണ് കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്.

കുഴിയാന വലച്ചിറകന്മാർ സാധാരണ തുമ്പികളല്ല. നീളം കൂടിയ, മുന്നോട്ടു നീണ്ടു നിൽക്കുന്ന സ്പർശിനികളാണ് ഇവയെ സാധാരണ തുമ്പികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

-സൂര്യനാരായണൻ ടി.ബി

ഗവേഷകൻ