എം.പി നൽകിയ ആംബുലൻസ്: കാട്ടിൽ ഒളിപ്പിച്ച് ജില്ലാ ആശുപത്രി
കൊല്ലം: എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ ഫണ്ടിൽ നിന്ന് വാങ്ങി നൽകിയ എ.സി ആംബുലൻസ് മൂന്ന് വർഷമായി കാട്ടിലൊളിപ്പിച്ച് ജില്ലാ ആശുപത്രി അധികൃതർ. ഇത്തിക്കരയിൽ വച്ച് അപകടത്തിൽപ്പെട്ട ആംബുലൻസ് അറ്റകുറ്റപ്പണി നടത്താൻ പണമില്ലെന്ന് പറഞ്ഞാണ് ഉപേക്ഷിച്ചിരിക്കുന്നത്.
എം.പി ആറ് വർഷം മുമ്പ് 20 ലക്ഷം രൂപയോളം ചെലവഴിച്ചാണ് ആംബുലൻസ് വാങ്ങി നൽകിയത്. തടി ലോറിയുമായി ഇടിച്ച് റോഡുവക്കിൽ ആഴ്ചകളോളം കിടന്ന ആംബുലൻസ് പൊലീസ് ഇടപെട്ടതോടെയാണ് ജില്ലാ ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ എത്തിച്ചത്. അറ്റുകുറ്റപ്പണിക്ക് ആറര ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് സർവേയർ തയ്യാറാക്കിയത്. പക്ഷെ ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് മൂന്ന് ലക്ഷം രൂപയേ ലഭിക്കുമായിരുന്നുള്ളു. ബാക്കി മൂന്നര ലക്ഷം രൂപ വഹിക്കാൻ ഹോസ്പിറ്റിൽ മാനേജ്മെന്റ് കമ്മിറ്റി തയ്യാറായില്ല. പകരം പണത്തിനായി സർക്കാരിന് കത്തെഴുത്തി. ആ കത്തിന് വർഷം മൂന്നായിട്ടും മറുപടി വന്നില്ല. ജില്ലാ ആശുപത്രി അധികൃതർ പണം അനുവദിക്കാനുള്ള ഇടപെടലും നടത്തിയില്ല. ഇതിനിടെ ആംബുലൻസിന് ചുറ്റും കാട് വളർന്നു. ഇപ്പോൾ കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിലേ ആംബുലൻസ് സർവീസ് യോഗ്യമാക്കാൻ കഴിയൂ.
അറ്റകുറ്റപ്പണിക്ക് പണമില്ല
വേണ്ടിവന്നത് 6.5 ലക്ഷം രൂപ
ഇൻഷ്വറൻസ് ലഭിച്ചത് 3 ലക്ഷം
ബാക്കി തുക കണ്ടെത്താനായില്ല
ഇപ്പോൾ തുരുമ്പെടുത്ത് നശിക്കുന്നു
ഇനി പത്ത് ലക്ഷമെങ്കിലും വേണ്ടിവരും
ആകെ 2 ആംബുലൻസുകൾ
അപകടത്തിൽപ്പെട്ടവരെ അടക്കം നിരന്തരം എത്തിക്കുന്ന ജില്ലാ ആശുപത്രിയിൽ നിലവിൽ രണ്ട് ആംബുസലൻസുകളേയുള്ളു. അതുകൊണ്ട് തന്നെ ഇവിടെ നിന്ന് മറ്റിടങ്ങളിലേക്ക് റഫർ ചെയ്യുന്ന രോഗികളും മോർച്ചറിയിൽ നിന്ന് മൃതദേഹങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകുന്നവരും സ്വകാര്യ ആംബുലൻസുകൾക്ക് വൻതുക നൽകേണ്ട അവസ്ഥയാണ്.
ഇപ്പോഴുള്ള രണ്ട് ആംബുലൻസുകളും എം.മുകേഷ് എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയതാണ്. ഇതിൽ ആഴ്ചകളോളം വർക്ക്ഷോപ്പിലായിരുന്ന ഒരു ആംബുലൻസ് കഴിഞ്ഞ ദിവസമാണ് മടക്കി ലഭിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോകാൻ 2200 രൂപയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 850 രൂപയുമാണ് ജില്ലാ ആശുപത്രിയിലെ ആംബുലൻസിന് നൽകേണ്ടത്. മിനിമം ചാർജ് കഴിഞ്ഞ് കിലോമീറ്ററിന് 15 രൂപ വീതമാണ് നൽകേണ്ടത്. ഇതിന്റെ ഇരട്ടിയിലേറെയാണ് സ്വകാര്യആംബുലൻസുകൾ വാങ്ങുന്നത്.
ഓടിയെത്താതെ സ്വകാര്യ
ആംബുലൻസുകൾ
അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ കേണുവിളിച്ചാലും ഒരുവിഭാഗം സ്വകാര്യ ആംബുലൻസുകൾ എത്തുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. കൂലി കിട്ടില്ലെന്ന സംശയവും ബന്ധുക്കൾ എത്തുന്നത് വരെ ആശുപത്രിയിൽ കൂടെ നിൽക്കേണ്ടി വരുന്നതുമാണ് സ്വകാര്യ ആംബുലൻസുകൾ പിന്തിരിയാൻ കാരണം. ജില്ലാ ആശുപത്രികളിലടക്കം വിവിധ സർക്കാർ ആശുപത്രികളിലുള്ള ആംബുലൻസുകൾക്ക് അപകട സ്ഥലങ്ങളിൽ പോകാൻ അനുമതിയില്ല.