കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ നടൻ ദുൽഖറിന്റെ ഹർജി
കൊച്ചി: തീരുവ അടയ്ക്കാതെ വിദേശത്തു നിന്ന് കള്ളക്കടത്തായി കൊണ്ടു വന്നതെന്ന സംശയത്തെ തുടർന്ന് കസ്റ്റംസ് പിടിച്ചെടുത്ത തന്റെ ലാൻഡ് റോവർ ഡിഫൻഡർ വാഹനം വിട്ടുനൽകാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു. കസ്റ്റംസ് കമ്മിഷണർക്ക് അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണിത്. കസ്റ്റംസിന്റെ അടക്കം വിശദീകരണം തേടിയ ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ ബെഞ്ച്, ഹർജി 30ന് പരിഗണിക്കാൻ മാറ്റി. രേഖകൾ പരിശോധിക്കാതെയാണ് വാഹനം കസ്റ്റംസ് പിടിച്ചെടുത്തതെന്നും വിട്ടുകിട്ടിയില്ലെങ്കിൽ വാഹനം നശിക്കുമെന്നുമാണ് ഹർജിയിൽ പറയുന്നത്. വാഹനത്തിന്റെ സ്പെയർപാർട്സിന് ഇപ്പോൾത്തന്നെ ക്ഷാമമുണ്ട്.കസ്റ്റംസിന്റെ കസ്റ്റഡിയിൽ വാഹനം ശരിയായി സൂക്ഷിക്കില്ല. 2004 മോഡൽ വാഹനമാണ്. ഇന്ത്യയിൽ ഉപയോഗിക്കാനായി റെഡ്‌ക്രോസ് സൊസൈറ്റിയാണ് വാഹനം ഇറക്കുമതി ചെയ്തത്. ഇതിന്റെ രേഖകൾ കൈവശമുണ്ട്. രേഖകളെല്ലാം ശരിയാണെന്ന വിശ്വാസത്തിലാണ് വാഹനം വാങ്ങിയത്.