പീഡനക്കേസ്: വേണു ഗോപാലകൃഷ്‌ണന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

Saturday 27 September 2025 1:25 AM IST

ന്യൂഡൽഹി: പീഡനക്കേസിൽ ഐ.ടി സ്ഥാപനത്തിന്റെ സി.ഇ.ഒയും വ്യവസായിയുമായ വേണു ഗോപാലകൃഷ്‌ണന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. സംസ്ഥാന സർക്കാരിന് നോട്ടീസ് അയക്കാനും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. വേണു ഗോപാലകൃഷ്‌ണന്റെ ജാമ്യാപേക്ഷ നവംബർ 3ന് വീണ്ടും പരിഗണിക്കും. ലൈംഗിക അതിക്രമം എതിർത്തതോടെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് ജീവനക്കാരി രംഗത്തെത്തിയിരുന്നു. സ്ഥാപനത്തിനുള്ളിൽ പീഡനത്തിനിരയായെന്നാണ് പരാതി. ഹണിട്രാപ്പിലൂടെ 30 കോടി തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് വ്യവസായി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരിക്കും ഭർത്താവിനുമെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.