കെജെ ഷൈനിനെതിരായ സൈബർ ആക്രമണം; പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും

Saturday 27 September 2025 7:35 AM IST

തിരുവനന്തപുരം: സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ഓണ്‍ലൈനായാകും യോഗം ചേരുക. ഷൈനിനെതിരെ അശ്ലീല പ്രചരണം നടത്തിയെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌ത കെഎം ഷാജഹാന് കോടതി വേഗത്തില്‍ ജാമ്യം അനുവദിച്ചത് അന്വേഷണ സംഘത്തിന് തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തില്‍ മറ്റ് കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതില്‍ കൂടുതല്‍ നിയമോപദേശവും അന്വേഷണ സംഘം തേടിയിട്ടുണ്ട്. ഷാജഹാനെതിരെ പരാതി നല്‍കിയ കോതമംഗലം എംഎൽഎ ആന്‍റണി ജോണിന്റെ മൊഴിയും അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് കെഎം ഷാജഹാനെ ആക്കുളത്തെ വീട്ടിലെത്തി ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഷൈൻ നൽകിയ കേസിനെ കുറിച്ച് ഷാജഹാൻ അധിക്ഷേപ പരാമർശം നടത്തിയിരുന്നു. എഫ്ഐആറിനെ കുറിച്ച് പേര് പറഞ്ഞായിരുന്നു ഷാജഹാന്റെ വീഡിയോ. ഇതിൽ ഷൈൻ വീണ്ടും പരാതി നൽകിയതിനെ തുടർന്ന് റൂറൽ സൈബർ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഷാജഹാന്റെ ഫോൺ അന്വേഷണ സംഗം നേരത്തെ പിടിച്ചെടുത്തിരുന്നെങ്കിലും വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാർഡ് ഇയാൾ നൽകിയിരുന്നില്ല. കെജെ ഷൈനിന്റെ പേര് വീഡിയോയിൽ പരാമർശിച്ചിട്ടില്ലെന്നാണ് കെഎം ഷാജഹാൻ അന്വേഷണ സംഘത്തിന് മുന്നിൽ നൽകിയ മൊഴി.