മലപ്പുറത്ത് നിയന്ത്രണംവിട്ട ഇന്നോവ കാർ മരത്തിലിടിച്ചു; 62കാരിക്ക് ദാരുണാന്ത്യം

Saturday 27 September 2025 8:24 AM IST

മലപ്പുറം: വണ്ടൂരിൽ നിയന്ത്രണംവിട്ട ഇന്നോവ കാർ മരത്തിലിടിച്ച് ഒരു സ്‌ത്രീ മരിച്ചു. 62കാരിയായ ആയിഷയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ആറുപേർക്ക് പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. വണ്ടൂരിന് സമീപം കൂരിയാട് എന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ആയിഷയുടെ പേരക്കുട്ടിയെ മൈസൂരിലെ നഴ്‌സിംഗ് കോളേജിൽ ചേർത്ത ശേഷം മടങ്ങിവരുന്ന വഴിയായിരുന്നു അപകടമുണ്ടായത്. ഇവരുടെ വീട്ടിലെത്താൻ വെറും ഒന്നര കിലോമീറ്റർ ദൂരം മാത്രം ശേഷിക്കെയായിരുന്നു അപകടം.

ആശുപത്രിയിൽ കഴിയുന്ന രണ്ട് കുട്ടികൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ഇന്നോവ കാർ പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് സംശയം.