'എന്റെ ദൈവമേ, ഇത് ഞെട്ടിക്കുന്ന സംഭവമാണ്, ഇന്ത്യൻ ട്രെയിനിൽ മാത്രം സംഭവിക്കുന്ന ഒന്ന്"; യാത്രക്കാരൻ ചെയ്‌ത വൃത്തികേട്

Saturday 27 September 2025 9:55 AM IST

തിരക്കേറിയ ട്രെയിനിൽ യാത്ര ചെയ്യുന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ അനുഭവങ്ങളിൽ ഒന്നാണ്. ആളുകൾ തള്ളിക്കയറുന്നതും പൗരത്വ ബോധമില്ലാതെ പെരുമാറുന്നതുമൊക്കെ പതിവ് കാഴ്ചയാണ്. ഇത്തരത്തിൽ യാത്രക്കാരൻ ട്രെയിനിൽ കാണിച്ചുകൂട്ടിയ ഒരു കാര്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.

'ഇന്ത്യൻ റെയിൽവേയിൽ മാത്രം കാണുന്നത്' എന്ന തലക്കെട്ടോടെ റെഡ്ഡിറ്റിലാണ് വിവാദ ചിത്രം പ്രചരിക്കുന്നത്. എന്താണ് ആ ചിത്രം എന്നല്ലേ ചിന്തിക്കുന്നത്? ജനറൽ കോച്ചിലെ മുകളിലെ ബെർത്തിനോട് ചേർന്നുള്ള യൂട്ടിലിറ്റി റാക്കിൽ അടിവസ്ത്രങ്ങൾ ഉണക്കാനിട്ടിരിക്കുന്നതിന്റെ ചിത്രമാണത്.

'2025 ഓഗസ്റ്റ് 15, രാവിലെ ഏകദേശം 10 മണി. ബാംഗ്ലൂർ (എസ്ബിസി) ജയ്പൂർ (ജെപി) സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 12975/12976) ട്രെയിനിൽ എനിക്ക് എസി കോച്ച് ലഭിച്ചില്ല, പക്ഷേ സൗജന്യമായി വസ്ത്രങ്ങൾ അലക്കിയിടാൻ കഴിയുമെന്ന് മനസിലായി'- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

ചിത്രം വളരെപ്പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. അടിവസ്ത്രം ട്രെയിനിൽ ഉണക്കാനിട്ട യാത്രക്കാരനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. യാത്രക്കാരന് പൗരത്വബോധമില്ലെന്നും ഈ പ്രവൃത്തി മറ്റുള്ളവർക്ക് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് അയാൾ ചിന്തിക്കുന്നില്ലെന്നുമാണ് ആളുകൾ കമന്റ് ചെയ്‌തിരിക്കുന്നത്.

'വിദേശങ്ങളിൽ നിന്നുള്ളവർ പോലും ചുറ്റുമുള്ളവരെക്കുറിച്ച് ചിന്തിക്കാതെ പലതും ചെയ്യാറുണ്ട്, പക്ഷേ ഇത് ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന ഒന്നാണ്', 'അയാളുടെ അടിവസ്ത്രം കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് പറയൂ,' 'ഓ എന്റെ ദൈവമേ, ഇത് ഞെട്ടിക്കുന്നതാണ്'- ഇങ്ങനെ പോകുന്ന കമന്റുകൾ.