ഇവിടെ ഭൂമിയുളളവർക്ക് കോളടിച്ചു; അധികം വൈകാതെ പൊന്നുംവിലയ്ക്ക് വിൽക്കാം, മറ്റെങ്ങും കിട്ടാത്ത ലാഭം

Saturday 27 September 2025 11:20 AM IST

ബംഗളൂരു: ഡൽഹി, മുംബയ്, ബംഗളൂരു നഗരങ്ങളിലെ ഭൂമിവില നോക്കിനിൽക്കവെയാണ് കുതിച്ചുയരുന്നത്. അതിനാൽത്തന്നെ ഈ നഗരങ്ങളിൽ സ്വന്തമായി ഭൂമിയുളളവർ വലിയ വിലയ്ക്കാണ് ഭൂമിവിൽക്കുന്നത്. ഇതിനനുസരിച്ച് നഗരങ്ങളിൽ കെട്ടിടങ്ങളുടെ വാടകയും വർദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ നഗരമായ കൊൽക്കത്തയും റിയൽ എസ്​റ്റേ​റ്റ് രംഗത്ത് വൻകുതിപ്പിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്.

റിയൽ എസ്​റ്റേ​റ്റ് നിക്ഷേപകരും വീട് വാങ്ങാൻ മോഹിക്കുന്നവർക്കും കൊൽക്കത്തയെ പ്രധാന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ഓൺലൈൻ റിയൽ എസ്‌​റ്റേ​റ്റ് പ്ലാ​റ്റ്‌ഫോമായ മാജിക്ബ്രിക്സ് പുറത്തുവിട്ട പുതിയ റിപ്പോർട്ട് അനുസരിച്ചാണ്. കൊൽക്കത്ത നിക്ഷേപകർക്ക് 25 ശതമാനം വരെ റിട്ടേൺ വാഗ്ദാനം ചെയ്യുന്നതിനാൽ ഭൂമിയുടമകൾക്ക് ഏ​റ്റവും ഇഷ്ടപ്പെടുന്ന നഗരമായി കൊൽക്കത്ത മാറിയിരിക്കുകയാണ്.

അതായത് മ​റ്റ് ഇന്ത്യൻ നഗരങ്ങളെ അപേക്ഷിച്ച് നിക്ഷേപകർക്ക് ഇവിടെ മികച്ച ലാഭത്തിൽ ഭൂമി വാങ്ങാനും വിൽക്കാനും സാധിക്കുമെന്നതാണ്. ഭാവിയിൽ കൊൽക്കത്തയിൽ ഭൂമിവിലയിൽ വർദ്ധനവ് ഉണ്ടാകാനും സാദ്ധ്യതകളേറെയാണ്. ഇത് റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് വലിയ ലാഭമുണ്ടാക്കും. കൊൽക്കത്തയിലേക്ക് റിയൽ എസ്​റ്റേ​റ്റ് നിക്ഷേപകരെ ആകർഷിക്കുന്ന പ്രധാന ഘടകം ഉയർന്ന വാടകയാണ്.

തലസ്ഥാന നഗരമായ കൊൽക്കത്തയിലെ കെട്ടിടങ്ങൾക്ക് ഈടാക്കുന്ന വാടക ഉയർന്നതാണ്. അടുത്തിടെ വാടകയിൽ ആറ് ശതമാനം വർദ്ധനവ് വന്നിട്ടുണ്ട്. ഇത് നിക്ഷേപകർക്ക് കൂടുതൽ ലാഭമുണ്ടാക്കാൻ സഹായിക്കും. ഡൽഹി, മുംബയ്, ബംഗളൂരു നഗരങ്ങളെ അപേക്ഷിച്ച് കൊൽക്കത്തയിൽ പുതുതായി വാങ്ങുന്ന വീടുകളുടെ വില വളരെ കുറവാണ്. ഇത്തരത്തിൽ വീട് വാങ്ങുന്നവർക്ക് ഭാവിയിൽ വലിയ വിലയ്ക്ക് വിൽക്കാവുന്നതാണ്. അതായത് 25 ശതമാനം വരെ നിക്ഷേപകർക്ക് ലാഭം ലഭിക്കും.

ബംഗളൂരുവിൽ ഒരു ചതുരശ്ര അടി ഭൂമിക്ക് 20,000 മുതൽ 50,000 രൂപ വരെയാണ് ഈടാക്കുന്നത്. കൊൽക്കത്തയിൽ നിലവിൽ ഒരു ചതുരശ്ര അടിക്ക് 3,500 മുതൽ 8000 രൂപ വരെയാണ് വില. ഈ വിലയിൽ നിന്ന് വരുംവർഷങ്ങളിൽ വൻകുതിപ്പ് സംഭവിക്കുമെന്നാണ് മാജിക്ബ്രിക്സ് പുറത്തുവിട്ട റിപ്പോർട്ടിലുളളത്. നിലവിൽ കൊൽക്കത്തയിൽ ഭൂമി വാങ്ങുന്നവർക്ക് അധികം വൈകാതെ തന്നെ പൊന്നുംവിലയ്ക്ക് മറിച്ചുവിൽക്കാൻ സാധിക്കും.