താമരശേരി ചുരം രണ്ടാം വളവിൽ മരം വീണു; ഗതാഗതം ഭാഗികമായി തടസപ്പെട്ടു
Saturday 27 September 2025 11:24 AM IST
കോഴിക്കോട്: താമരശേരി ചുരത്തിന്റെ രണ്ടാം വളവിൽ മരം വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇന്ന് രാവിലെ പത്തേകാലോടെയാണ് ഗതാഗത തടസം ഉണ്ടായത്. ഉടൻ തന്നെ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് ഹൈവേ പൊലീസ് പറയുന്നത്.
ചുരത്തിന്റെ രണ്ടാം വളവിലെ വലിയൊരു മരത്തിന്റെ കൊമ്പൊടിഞ്ഞു. അത് വീണത് മറ്റൊരു മരത്തിന്റെ കൊമ്പിലേക്കാണ്. ഈ രണ്ട് മരവും ഒടിഞ്ഞ് റോഡിലേക്ക് വീണതാണ് ഗതാഗതം തടസപ്പെടാൻ കാരണമായത്. ഫയർഫോഴ്‌സ് എത്തി മരത്തിന്റെ ചില്ലകൾ വെട്ടിമാറ്റുകയാണ്. ഉടൻ തന്നെ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, താമരശേരി ചുരത്തിൽ അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിന്റെ സമരം അടിവാരത്ത് നടക്കുകയാണ്. താമരശേരി ചുരം വഴിയുള്ള യാത്രയുടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സജീവ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് ഇന്നും ഗതാഗതം തടസപ്പെട്ടത്.