13 ലക്ഷം പറഞ്ഞിട്ട് കൈയിൽ കിട്ടിയത് അഞ്ച് ലക്ഷം, പ്രൊമോഷനുമില്ല; ശ്രദ്ധ നേടി ടെക്കിയുടെ കുറിപ്പ്
ഒരു ജോലിയിൽ പ്രവേശിക്കുമ്പോൾ ഒട്ടേറെ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാറുണ്ട്. അതിൽ ഏറ്റവും പ്രധാനം നിങ്ങൾക്ക് കമ്പനി എത്ര രൂപയാണ് ശമ്പളമായി വാഗ്ദാനം ചെയ്യുന്നത് എന്നുള്ളതാണ്. എക്സ്പീരിയൻസിന്റെയും പ്രകടനങ്ങളെയും മുൻനിർത്തിയാണ് പിന്നീട് കമ്പനിയിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങളും മറ്റും ലഭിക്കുന്നത്. എന്നാൽ ജോലിയിൽ പ്രവേശിച്ചിട്ട് നാലു വർഷമായിട്ടും സ്ഥാപനത്തിൽ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങൾ ലഭിക്കാതെ പോയ ഒരു ടെക്കി സോഷ്യൽ മീഡിയയിൽ കുറിച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
മാനേജ്‌മെന്റിന്റെ വിശ്വാസ്യത പിടിച്ചുപറ്രുന്നുണ്ടോ, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി കിട്ടുന്നുണ്ടോ, ജോലി സ്ഥലത്ത് കാര്യങ്ങൾ തുറന്നുപറയാൻ പറ്റിയ അന്തരീക്ഷമുണ്ടോ തുടങ്ങിയ വിഷയങ്ങളാണ് ഒരു ടെക്കി റെഡ്ഡിറ്റിൽ പങ്കുവച്ചത്. 2021ൽ 13 ലക്ഷം രൂപയുടെ വാർഷിക പാക്കേജിൽ പുതിതായി ജോലിയിൽ പ്രവേശിച്ച ഇയാൾ പോസ്റ്റിൽ പറയുന്നത്.
നാല് വർഷം സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടും മാനേജർ കബളിപ്പിച്ചു എന്നാണ് ഇയാളുടെ ആരോപണം. യൂറോപ്യൻ സമയത്തിൽ പ്രവർത്തിക്കേണ്ടിയിരുന്നതിനാൽ രാവിലെ 11 മണി മുതൽ രാത്രി എട്ട് മണി വരെയായിരുന്നു ജോലി . എന്നാൽ, പലപ്പോഴും രാത്രി ഒരു മണി വരെ ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഓവർ ടൈമിൽ ജോലി ചെയ്യേണ്ടിവരുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് ഷിഫ്റ്റുകൾ പിന്നീട് മാറ്റിക്കിട്ടിയെങ്കിലും, കരിയർ വളർച്ചയുടെ കാര്യത്തിലാണ് യഥാർത്ഥ പ്രശ്നം ഉടലെടുത്തത്.
മാനേജർ പ്രൊമോഷൻ ഉറപ്പുനൽകിയിട്ടും, നാലാം വർഷമായപ്പോൾ ടെക്കിക്ക് ശമ്പള വർദ്ധനവോ മറ്റ് ആനുകൂല്യങ്ങളോ പോലും ലഭ്യമാക്കിയില്ല. ഇപ്പോഴും അഞ്ചു ലക്ഷം രൂപയുടെ പാക്കേജിൽ തുടരുമ്പോൾ, സമാന തസ്തികയിലുള്ള മറ്റു സഹപ്രവർത്തകർക്ക് 18 ലക്ഷം രൂപ പാക്കേജിലേക്ക് മാറ്റി കൊടുക്കുകയും അവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുകയും ചെയ്തതായി പോസ്റ്റിൽ പറയുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുരോഗതി കാരണം കമ്പനി സാമ്പത്തിക അനിശ്ചിതത്വത്തിലാണെന്ന് പറഞ്ഞാണ് മാനേജർ പ്രൊമോഷനുകൾ വൈകിപ്പിച്ചത്. എന്നാൽ ചുരുക്കം ചില ജീവനക്കാർക്ക് മാത്രമാണ് പ്രൊമോഷനും പതിനായിരം ഡോളർ വരെ വിലമതിക്കുന്ന ആർഎസ്‌യുവും ലഭിച്ചത്. ഇത്തരം വിവേചനങ്ങൾ തന്നെ കബളിപ്പിക്കാനുള്ള തന്ത്രമായിരുന്നു എന്നും റെഡ്ഡിറ്റ് ഉപയോക്താവായ ടെക്കി ആരോപിച്ചു. "മാനേജർ കബളിപ്പിച്ചു. ഇവരെപ്പോലുള്ളവരെ ഒരിക്കലും വിശ്വസിക്കരുത് എന്ന വലിയ പാഠം പഠിച്ചു," എന്ന വാചകത്തോടെയാണ് പോസ്റ്റ് അവസാനിച്ചത്.
ടെക്കിയുടെ പോസ്റ്റ് വൈറലായതോടെ ഒട്ടേറെ പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി രംഗത്തെത്തിയത്. അടുത്ത നീക്കം തന്ത്രപരമായിരിക്കണം. നാടകീയതകൾ ഒഴിവാക്കി പുതിയ ജോലി കണ്ടെത്തുക. ഓഫറുകൾ ഉറപ്പാക്കിയ ശേഷം പ്രതികാരമോ ദേഷ്യമോ കാണിക്കാതെ നിശബ്ദമായി രാജിവെക്കണമെന്ന് ഒരാൾ കുറിച്ചു.
നിങ്ങൾ എത്ര കഠിനാധ്വാനം ചെയ്താലും അതൊരിക്കലും മതിയാകില്ല. നിങ്ങളുടെ സമയത്തെ വിലമതിക്കുക, കൂടുതൽ സമയം ജോലി ചെയ്യുന്നത് ഒഴിവാക്കണം. പൊതു നിയമമനുസരിച്ച് എഴുതി ലഭിക്കാതെ മാനേജ്‌മെന്റിലെ ആരും പറയുന്നത് വിശ്വസിക്കുന്നത്. എഴുതി ലഭിച്ചാലും അതിലെ പൊരുത്തക്കേടുകളും മറ്റ് നിബന്ധനകളും ശ്രദ്ധയോടെ പരിശോധിക്കണമെന്ന് മറ്റൊരു റെഡ്ഡിറ്റ് ഉപയോക്താവ് പ്രതികരിച്ചു.