അധികം വൈകാതെ ഒരു ലക്ഷം കടക്കും? ഇന്നും വിലയിൽ വർദ്ധനവ്, സ്വർണം വാങ്ങാനിരുന്നവർ കടുത്ത ആശങ്കയിൽ

Saturday 27 September 2025 11:50 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് പവന് 440 രൂപ കൂടി 84,680 രൂപയും ഗ്രാമിന് 55 രൂപ കൂടി 10,585 രൂപയുമായി. ഇന്നലെ പവന് 320രൂപ കൂടി 84,240 രൂപയും ഗ്രാമിന് 40 രൂപ കൂടി 10,530 രൂപയുമായിരുന്നു. ഈ മാസം തുടക്കം മുതൽക്കേ സ്വർണവിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് സെപ്​തംബർ 23നായിരുന്നു. അന്ന് പവന് 84,840 രൂപയും ഗ്രാമിന് 10,605 രൂപയുമായിരുന്നു. ഈ മാസം ഒന്നിനായിരുന്നു ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 77,640 രൂപയും ഗ്രാമിന് 9,705 രൂപയുമായിരുന്നു.

വരും ദിവസങ്ങളിൽ സ്വ‌ർണവിലയിൽ വൻവർദ്ധനവുണ്ടാകുമെന്നാണ് സൂചന. അമേരിക്കയിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളും ഡോളറിന്റെ മൂല്യയിടിവും സ്വർണവിലയിലെ കുതിപ്പ് ശക്തമാക്കിയേക്കും. നിലവിലെ സാഹചര്യത്തിൽ ഔൺസിന്റെ വില 3,900 ഡോളർ വരെ ഉയരാനിടയുണ്ട്. രൂപയുടെ മൂല്യവും 90 കടക്കാനിടയുണ്ട്. നടപ്പുവർഷം ഫെഡറൽ റിസർവ് രണ്ട് തവണ പലിശ കുറയ്ക്കുമെന്നാണ് പ്രവചനം. ഇതോടെ കേരളത്തിൽ പവൻ വില 90,000 രൂപയ്ക്ക് മുകളിലെത്തിയേക്കും.

ലോകത്തിന്റെ പുതിയ സ്വർണ ബാങ്കറാകാനാണ് ചൈനയുടെ ശ്രമം. ചൈനയുമായി സൗഹ്യദത്തിലുള്ള രാജ്യങ്ങൾക്ക് സ്വർണം വാങ്ങി നിലവറയിൽ സൂക്ഷിക്കാൻ പീപ്പിൾസ് ബാങ്ക് ഒഫ് ചൈന അവസരമൊരുക്കും. ഡോളറിന്റെ ആശ്രയത്വം കുറയ്ക്കാനും ആഗോള വ്യാപാരത്തിൽ യുവാന്റെ പങ്ക് വർദ്ധിപ്പിക്കാനുമാണ് ലക്ഷ്യം.

വിലക്കുതിപ്പിന് പിന്നിൽ

1. സാമ്പത്തിക തളർച്ച മറികടക്കാൻ അമേരിക്കയിലെ ഫെഡറൽ റിസർവ് പലിശ കുറയ്ക്കാനൊരുങ്ങുന്നു.

2. യൂറോപ്പിലെയും ഏഷ്യയിലെയും കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം തുടർച്ചയായി ഉയർത്തുന്നു.

3. ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതിനാൽ ഇറക്കുമതി ചെലവ് കൂടുന്നു.

4. സുരക്ഷിത നിക്ഷേപമായ സ്വർണം ആഗോള ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും വാങ്ങിക്കൂട്ടുന്നു.