ഇന്ത്യക്കാരായ പ്രവാസികളെ ലക്ഷ്യമിട്ട് വ്യാജ സംഘം; ഈ തട്ടിപ്പിൽ വീഴരുത്, നിരവധിപേർക്ക് പണം നഷ്ടപ്പെട്ടു
ദുബായ്: വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ വീഴരുതെന്ന് പ്രവാസികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം. ഇറാനിലേക്ക് വിസയില്ലാതെ ജോലി നൽകാമെന്ന വ്യാജ വാഗ്ദാനത്തിൽ വിശ്വസിച്ച നിരവധി ഇന്ത്യക്കാർ വഞ്ചിതരായതിന് പിന്നാലെയാണ് കർശന മുന്നറിയിപ്പ്.
ഇന്ത്യക്കാർക്ക് വിനോദസഞ്ചാരത്തിനായി വിസ ആവശ്യമില്ലാത്ത രാജ്യമാണ് ഇറാൻ. വിസ ഇല്ലാതെ 15 ദിവസം ഇന്ത്യക്കാർക്ക് ഇവിടെ ചെലവഴിക്കാം. ആറ് മാസത്തിലൊരിക്കലാണ് ഇങ്ങനെ വിസയില്ലാതെ 15 ദിവസം ഇറാൻ സന്ദർശിക്കാനാകുന്നത്. ഈ അവസരം ചൂഷണം ചെയ്തുകൊണ്ടാണ് പല വ്യാജ ഏജന്റുമാരും ജോലി വാഗ്ദാനം ചെയ്യുന്നത്. തൊഴിൽ നൽകാമെന്ന് പറഞ്ഞ് ഇറാനിലെത്തിച്ച ശേഷം വിസയില്ലാത്ത ഇന്ത്യക്കാരെ ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോകും. പിന്നാലെ മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ധുക്കളെ വിളിക്കും. നിരവധി ഇന്ത്യക്കാരാണ് ഈ സംഘത്തിന്റെ ഇരകളായിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
'ഇറാൻ സർക്കാർ ഇന്ത്യക്കാർക്ക് ടൂറിസം ആവശ്യങ്ങൾക്കായി മാത്രമേ വിസ രഹിത പ്രവേശനം അനുവദിക്കുന്നുള്ളു. ജോലിക്കോ മറ്റ് ആവശ്യങ്ങൾക്കോ വിസ രഹിത യാത്ര വാഗ്ദാനം ചെയ്യുന്ന ഇടനിലക്കാരെ വിശ്വസിക്കരുത്. വിസയില്ലാതെ പോകുന്ന ഒരാൾക്ക് അവിടെ ജോലി നേടാനാകില്ല. പ്രത്യേകിച്ച് പ്രവാസികളായ ഇന്ത്യക്കാരെ ഈ വ്യാജ സംഘം ലക്ഷ്യമിടുന്നത്. പൗരന്മാർ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം' - ജയ്സ്വാൾ മുന്നറിയിപ്പ് നൽകി.