'കേരളത്തിന് അവകാശപ്പെട്ടതാണ്, തർക്കങ്ങൾ കാരണം എയിംസ് നഷ്‌ടമാകുന്ന സ്ഥിതി ഉണ്ടാകരുത്'; വീണാ ജോർജ്

Saturday 27 September 2025 1:43 PM IST

കൊച്ചി: വിവാദങ്ങളും തർക്കങ്ങളും കാരണം എയിംസ് കേരളത്തിന് നഷ്‌ടപ്പെടുന്ന സ്ഥിതി ഉണ്ടാകരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എയിംസ് കേരളത്തിന് അവകാശപ്പെട്ടതാണ്. കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്ന നിർദേശമാണ് സംസ്ഥാനം കേന്ദ്രത്തിന് നൽകിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ആവശ്യത്തോട് അനുഭാവപൂർവം പരിഗണിക്കുമെന്ന ഉറപ്പാണ് ഏതാനും നാളുകൾക്ക് മുമ്പ് കേന്ദ്ര ആരോഗ്യമന്ത്രിയിൽ നിന്ന് കിട്ടിയതെന്നും വീണാ ജോർജ് കൊച്ചിയിൽ പറഞ്ഞു.

പദ്ധതി കേന്ദ്ര ധനവകുപ്പിന്റെ പരിഗണനയിലുണ്ടെന്നാണ് അവസാനം അറിയിച്ചതെന്നും രാഷ്‌ട്രീയ തീരുമാനം മാത്രമാണ് ഇനി ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു. അതേസമയം, ബിജെപിയിലെ തർക്കങ്ങൾ കേരളത്തിന് എയിംസ് നഷ്‌ടപ്പെടുത്തുന്നു എന്ന വിമർശനത്തോട് പ്രതികരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി തയ്യാറായില്ല.

ഡൽഹി എയിംസിന്റെ മാതൃകയിൽ എയിംസ് സംസ്ഥാനത്ത് സ്ഥാപിക്കണമെന്നതിന്റെ തുടർച്ചയായി കോഴിക്കോട് കിനാലൂരിൽ ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോയ ഘട്ടത്തിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്ന നിലപാടുമായി മുന്നോട്ട് വന്നത്. ഇതിൽ ബിജെപിയിൽ തന്നെ എതിരഭിപ്രായം ഉയ‌ർന്നു.