വെളിച്ചെണ്ണ നേരത്തെ വാങ്ങിവച്ചോ, ഇങ്ങനെ പോയാൽ വില കുത്തനെ കൂടാൻ സാദ്ധ്യത: കാരണം

Saturday 27 September 2025 2:47 PM IST

വടക്കഞ്ചേരി: ഇടവേളയ്ക്കുശേഷം തേങ്ങവില വീണ്ടും കൂടുന്നു. കഴിഞ്ഞ മാസം 90 രൂപയിൽ എത്തിയശേഷം തേങ്ങവില താഴ്ന്നിരുന്നു. ഓണക്കാലത്ത് 75-80 രൂപയായിരുന്നു വില. ഇപ്പോൾ മൊത്തവില 70 രൂപയും ചില്ലറ വിൽപ്പന 85-87 രൂപയുമാണ്. തേങ്ങവില ഉയരുന്നത് നാളികേര കർഷകർക്ക് ആശ്വാസമാണ്. പൊതിക്കാത്ത തേങ്ങ 30-35 രൂപയ്ക്കും പൊതിച്ച തേങ്ങാ കിലോയ്ക്ക് 60 രൂപയ്ക്കും വിൽക്കാൻ കഴിയുന്നുണ്ട്. തേങ്ങവില കൂടുംതോറും വെളിച്ചെണ്ണവിലയും കൂടാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു.

തേങ്ങ വില അൽപം കുറഞ്ഞപ്പോഴും വെളിച്ചെണ്ണ വിലയിൽ കാര്യമായ മാറ്റമുണ്ടായില്ല. 390-420 രൂപ വരെയാണ് ഇപ്പോഴത്തെ വെളിച്ചെണ്ണ വിപണി വില. കഴിഞ്ഞ വർഷം ഇതേ സമയംത്ത് 260-270 രൂപയായിരുന്നു വെളിച്ചെണ്ണ വില. നവരാത്രി, ദീപാവലി ആഘോഷങ്ങൾക്കായി വടക്കേ ഇന്ത്യയിലേക്ക് കൊപ്ര കാര്യമായി സംഭരിച്ച് കൊണ്ടുപോകാൻ തുടങ്ങിയതാണ് വില ഉയരാൻ കാരണം.

അതേസമയം തേങ്ങവില വർദ്ധിക്കുമ്പോഴും അതിന്റെ ഗുണം കിട്ടാതെ കർഷകർ. കുരങ്ങ്, മലയണ്ണാൻ ശല്യം രൂക്ഷമായതോടെ കരിക്ക് പരുവത്തിലുള്ള തേങ്ങ പോലും കിട്ടാത്ത അവസ്ഥയിലാണ് മലയോര മേഖലയിലെ കേര കർഷകർ. കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയായ ആരോഗ്യപുരം, കൊന്നക്കൽ കടവ്, കോട്ടെകുളം, ഒടുകിൻചുവട്, നീതിപുരം തുടങ്ങിയ മലയോര പ്രദേശങ്ങളിലാണ് കുരങ്ങ്, പന്നി, മലയണ്ണാൻ ശല്യം അതിരൂക്ഷമായത്. എഴുപതും നൂറും തെങ്ങുകളുള്ള കർഷകർക്ക് വീട്ടാവശ്യത്തിനുള്ള തേങ്ങ പോലും ലഭിക്കുന്നില്ലെന്നാണ് പരാതി.

കരിക്ക് പ്രായമാകും മുമ്പേ കുരങ്ങുകൾ എല്ലാം തിന്നുനശിപ്പിക്കും. നൂറിലധികം വരുന്ന വലിയ കൂട്ടങ്ങളാണ് കൃഷിയിടങ്ങളിലെത്തുന്നത്. ആദ്യകാലത്തെല്ലാം പടക്കം പൊട്ടിച്ചാൽ ഇവ പോകുമായിരുന്നു. എന്നാൽ ഇപ്പോൾ പടക്കത്തിന്റെ ശബ്ദമൊന്നും ഇവറ്റകളെ ഭയപ്പെടുത്തുന്നില്ല എന്നാണ് കർഷകർ പറയുന്നത്. ആന, പന്നി എന്നിവയ്‌ക്കൊപ്പം കുരങ്ങുകൾ പാലക്കുഴി മല വഴി പീച്ചി കാട്ടിൽനിന്നാണ് ഗ്രാമങ്ങളിലെത്തുന്നത്. ചക്ക, മാങ്ങ സീസൺ കഴിഞ്ഞതിനാൽ കണ്ണിൽകണ്ടതെല്ലാം തിന്ന് പരക്കംപായുകയാണ് കുരങ്ങുകൾ.

മലയോര പഞ്ചായത്തുകളിൽ വന്യമൃഗശല്യം തടയാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള തീവ്രയജ്ഞ പരിപാടികൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ ലക്ഷ്യമിട്ടാകാതെ ആത്മാർഥമായ ഇടപെടലുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.