ഗോതുരുത്ത് വള്ളംകളി ഇന്ന് രണ്ട് വിഭാഗങ്ങളിൽ 16 ടീമുകൾ മാറ്റുരയ്ക്കം

Saturday 27 September 2025 3:13 PM IST

പറവൂർ: ഇരുട്ടിന്റെ മറപ്പറ്റിപ്പായുന്ന 16 വള്ളങ്ങൾ ഇന്ന് കടൽവാതുരുത്തിനും മൂത്തകുന്നത്തിനും ഇടയിലുള്ള പെരിയാറിന്റെ കൈവഴികളിൽ മത്സരത്തിനായെത്തും. കടൽവാതുരുത്ത് ഹോളിക്രോസ് പള്ളിയിലെ വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാളിന്റെ ഭാഗമായി ഗോതുരുത്ത് സ്പോർട്സ് ആൻഡ് ആർട്സ് ക്ളബ് സംഘടിപ്പിക്കുന്ന 88-ാമത് ജലമേളയിലാണ് പങ്കെടുക്കാനാണ് കേരളത്തിലെ പ്രമുഖ 16 ഇരുട്ടുകുത്തി വള്ളങ്ങളെത്തുന്നത്.

എ.ബി. വിഭാഗങ്ങളിൽ നടക്കുന്ന മത്സരത്തിൽ ഓരോ വിഭാഗത്തിലും എട്ട് വീതം വള്ളങ്ങൾ പങ്കെടുക്കും. മേഖലയിൽ ആദ്യമായി ഇത്തവണ ജലമേളയിൽ പങ്കെടുക്കുന്ന എല്ലാ വള്ളങ്ങൾക്കും സംഘാടകർ മെയിന്റനൻസ് ഗ്രാന്റും ട്രോഫിയും നൽകും.

മത്സരവും ടീമുകളും

എ വിഭാഗം: ഗോതുരുത്ത് പുത്രൻ, ഹനുമാൻ ഒന്നാമൻ, പുത്തൻപറമ്പിൽ, പൊഞ്ഞനത്തമ്മ ഒന്നാമൻ, സെന്റ് സെബാസ്റ്റ്യൻ ഒന്നാമൻ, തുരുത്തിപ്പുറം, ഗുരുഡൻ, താണിയൻ.

ബി വിഭാഗം: വടക്കുംപുറം, പമ്പാവാസൻ, ശ്രീമുരുകൻ, സെന്റ് സെബാസ്റ്റ്യൻ രണ്ടാമൻ, ഗോതുരുത്ത്, മയിൽവാഹനൻ, മടപ്ലാതുരുത്ത്, ചെറിയ പണ്ഡിതൻ.

വള്ളം കളികളുടെ തുടക്കം

പറവൂർ, കൊടുങ്ങല്ലൂർ മേഖലയിൽ ഗോതുരുത്ത് വള്ളംകളിയോടെയാണ് ജലമേള തുടങ്ങുന്നത്. അടുത്ത ആറ് മാസത്തോളം വിവിധ ക്ളബുകളുടെ നേതൃത്വത്തിൽ വള്ളംകളി മത്സരങ്ങൾ നടക്കും. രാവിലെ 11ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ക്ളബ് പ്രസിഡന്റ് കെ.ഇ. ബെഞ്ചമിൻ അദ്ധ്യക്ഷനാകും. കോട്ടപ്പുറം രൂപതാ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തും. മൂത്തകുന്നം ഹിന്ദുമത ധർമ്മപരിപാലന സഭ പ്രസിഡന്റ് കെ.വി. അനന്തൻ പതാക ഉയർത്തും. ഇ.ടി. ടൈസൻ എം.എൽ.എ തുഴകൈമാറും ഹോളിക്രോസ് പള്ളി വികാരം ഫാ. ജോയ് തേലക്കാട്ട് ട്രാക്ക് ആശീർവദിക്കും. ഹൈബി ഈഡൻ എം.പി ഫ്ളാഗ്ഓഫ് ചെയ്യും. വിജയികൾക്ക് മുനമ്പ് ഡി.വൈ.എസ്‌പി എസ്. ജയകൃഷ്ണൻ ട്രോഫികൾ സമ്മാനിക്കും.