ഉത്സവമേതായാലും നമ്മുടെ പണം കൊണ്ടുപോകുന്നത് തമിഴ‌ന്മാർ, നവരാത്രിക്ക് പ്രധാനമായും എത്തുന്നത് നാലുസാധനങ്ങൾ

Saturday 27 September 2025 4:27 PM IST

കോഴിക്കോട്: നവരാത്രി ആഘോഷങ്ങൾക്ക് മധുരമേറി കരിമ്പിൻ വിപണി സജീവം. നഗരത്തിലെ പ്രധാന കച്ചവട കേന്ദ്രമായ പാളയത്ത് നവരാത്രിയോടനുബന്ധിച്ച് കരിമ്പ്, അവല്‍, മലര്‍, പൊരി തുടങ്ങിയവയെല്ലാം എത്തിക്കഴിഞ്ഞു. മധുര, സേലം എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കരിമ്പുകൾ എത്തുന്നത്.

നല്ലൊരു തണ്ടിനു 50 - 60 രൂപയാണ്. 20 എണ്ണത്തോളം വരുന്ന ഒരു കെട്ടിന് 700-800 വരെയുണ്ട്. ഒരു കഷ്ണം കരിമ്പ് 10 രൂപയ്ക്കും ലഭിക്കും. കഴിഞ്ഞ വർഷത്തേക്കാൾ 150 രൂപയുടെ മുകളിൽ വില ഉയർന്നിട്ടുണ്ടെങ്കിലും വിപണിയിൽ ആവശ്യക്കാരുണ്ട്. കരിമ്പിന്റെ വേരുള്ള ഭാഗം വാങ്ങാനും ആൾക്കാരുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഒരാഴ്ച മാത്രം നിലനില്‍ക്കുന്ന ചടങ്ങുകള്‍ക്കായി കരിമ്പ് കച്ചവടം ചെയ്യുന്നവരും പാളയത്തുണ്ട്. ഇന്നും നാളെയുമായി കൂടുതൽ ലോഡെത്തും. റോഡരികിലും മറ്റും കരിമ്പു വിൽപന സജീവമായിത്തുടങ്ങി.

അവല്‍, മലര്‍, പൊരിയുമുണ്ട്

കരിമ്പിന് പുറമെ അവല്‍, മലര്‍, പൊരി എന്നിവയും വിപണിയിലുണ്ട്. ഒരു ലിറ്റര്‍, രണ്ട് ലിറ്റര്‍ ബണ്ടില്‍ എന്നിങ്ങനെയാണ് വിൽപ്പന. കർണാടക, തമിഴ്നാട് നിന്നുമാണ് ഇവയെത്തുന്നത്. ഉപ്പുള്ള പൊരിയും ഉപ്പില്ലാത്ത പൊരിയും ലഭ്യമാണ്. ഉപ്പുള്ള പൊരിക്ക് കിലോ 120, ഉപ്പില്ലാത്ത പൊരിക്ക് 100 രൂപയുമാണ്. ധര്‍മ്മപുരിയില്‍ നിന്നും കാവേരി പട്ടണത്തു നിന്നുമെത്തുന്ന പൊരി ചെറിയ പാക്കറ്റിന് 10 രൂപയും വലുതിന് 40 രൂപയുമാണ് വില. ചോളപൊരി 150-200, മലര്‍ 110-150 രൂപയാണ് വില വരുന്നത്. കൂടാതെ പാലക്കാടന്‍ കുത്തവലിനും ആവശ്യക്കാരെറെയാണ്.