വന്യജീവി സംഘർഷം; തലസ്ഥാനത്ത് വെടിവച്ചു കൊന്നത് 404 കാട്ടുപന്നികളെ

Saturday 27 September 2025 6:01 PM IST

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളിൽ 404 കാട്ടുപന്നികളെ വെടിവച്ചു കൊന്നതായി തദ്ദേശസ്വയംഭരണ വകുപ്പ്. അപകടകാരികളായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാമെന്ന സർക്കാരിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. കഴിഞ്ഞ മാസം മാത്രം 67 പന്നികളെയാണ് ലൈസൻസുള്ള ഷൂട്ടർമാർ വെടിവച്ചു കൊന്നത്. പെരിങ്ങമല പഞ്ചായത്തിലാണ് ഏറ്റവുമധികം കാട്ടുപന്നികളെ വെടിവച്ചു കൊന്നത്.

ആനാട് 28, ആര്യനാട് അഞ്ച്, കിഴുവിലം 12, കിളിമാനൂർ 16, മടവൂർ രണ്ട്, മാണിക്കൽ 13, മുദാക്കൽ 22, നന്ദിയോട് രണ്ട്, നെല്ലനാട് 69, പെരിങ്ങമല 85, പാങ്ങോട് ഒൻപത്, പൂവച്ചൽ മൂന്ന്, ഉഴമലയ്ക്കൽ 81, നെടുമങ്ങാട് 34, കോർപ്പറേഷൻ 23 എന്നിങ്ങനെയാണ് പുതിയ ഉത്തരവ് പ്രകാരമുള്ള കണക്ക്.

മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല നിയന്ത്രണസമിതി യോഗത്തിലാണ് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജി സുധാകരൻ കണക്ക് അവതരിപ്പിച്ചത്. കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഡി എഫ് ഒ ദേവിപ്രിയ അജിത്ത്, ഡെപ്യൂട്ടി കളക്ടർ ജി ശ്രീകുമാർ, വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.