'സിയാൽ നിർമ്മിക്കുന്ന മൂന്ന് പാലങ്ങളും 18 മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കും'

Sunday 28 September 2025 12:09 AM IST

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പഞ്ചായത്തുകളിലെ പുളിയാമ്പിള്ളി, മഠത്തിമൂല, ചൊവ്വര പ്രദേശങ്ങളിൽ സിയാൽ പണി കഴിപ്പിക്കുന്ന പാലങ്ങളുടെ നിർമ്മാണം 18 മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലങ്ങളുടെ നിർമ്മാണോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സിയാലിന്റെ ലാഭത്തിന്റെ വലിയൊരു പങ്ക്, പരിസര മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പൊതുജനങ്ങളുടെ ക്ഷേമത്തിനുമാണ് ഉപയോഗിക്കുന്നത്. പാലങ്ങൾ നിലവിൽ വരുന്നതോടെ വർഷകാലത്തിൽ ചെങ്ങൽതോടിലെ നീരൊഴുക്ക് സുഗമമാക്കുക എന്ന ലക്ഷ്യത്തിന് പുറമെ, ഈ മേഖലയിൽ മെച്ചപ്പെട്ട ഗതാഗത സൗകര്യമൊരുക്കുക എന്ന ലക്ഷ്യവും സാക്ഷാത്ക്കരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പി. രാജീവ് അദ്ധ്യക്ഷനായി. ബെന്നി ബെഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, റോജി എം. ജോൺ എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, എയർപോർട്ട് ഡയറക്ടർ ജി. മനു, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രിയ രഘു, ഷൈജൻ തോട്ടപ്പിള്ളി, വി. എം. ഷംസുദ്ദീൻ, ജയ മുരളീധരൻ, വാർഡ് അംഗങ്ങളായ വി.എസ്. വർഗീസ്, ചന്ദ്രമതി രാജൻ, അംബിക ബാലകൃഷ്ണൻ, സിനി ജിജോ, ഷാജൻ എബ്രഹാം, നിഷ പൗലോസ്, ടി.വി. സുധീഷ് എന്നിവർ പങ്കെടുത്തു.

40 കോടി നിർമ്മാണ ചെലവ്

ചെങ്ങമനാട്, ശ്രീമൂലനഗരം, കാഞ്ഞൂർ, കാലടി പഞ്ചായത്തുകളിലുള്ളവർക്കാണ് പാലങ്ങൾ കൊണ്ട് പ്രയോജനം ലഭിക്കുക. 40 കോടി രൂപയാണ് നിർമ്മാണ ചെലവ്. വിമാനത്താവളത്തിന്റെ പരിസര പ്രദേശങ്ങളെ വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഓപ്പറേഷൻ പ്രവാഹിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇരുവശങ്ങളിലും നടപ്പാത, അനുബന്ധ റോഡുകൾ എന്നിവയും നിർമ്മിക്കുന്നുണ്ട്. പുളിയാമ്പിള്ളി പാലത്തിന് 200 മീറ്ററും ചൊവ്വര പാലത്തിന് 114 മീറ്ററും മടത്തിമൂല പാലത്തിന് 177 മീറ്ററുമാണ് നീളം.