മഴയത്തെ മണികിലുക്കം കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് മൂന്നു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ

Saturday 27 September 2025 7:23 PM IST

തിരുവനന്തപുരം : അവധി ദിവസത്തിന്റെ ആലസ്യത്തിൽ വെള്ളിയാഴ്ച തിമിർത്തു പെയ്ത മഴ ചാറ്റൽ മഴയായി മാറിയ സന്ധ്യാനേരത്ത് കാലിൽ കിലുക്കവുമായി മൂന്ന് ദിവസം പ്രായമുള്ള ഒരു ആൺ കുഞ്ഞ് തിരുവനന്തപുരം അമ്മത്തൊട്ടിലിൽ അതിഥിയായി എത്തി. അമ്മത്തൊട്ടിലിന്റെ അലാറം കേട്ട ഉടനെ സമിതി ചേമ്പറിൽ ഉണ്ടായിരുന്ന സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപിയും അഡോപ്ഷൻ മാനേജർ സരിതയും സ്നേഹത്തൊട്ടിലിൽ എത്തി കുഞ്ഞിനെ വാരിയെടുത്ത് പൊറ്റമ്മമാരുടെ തുടർ സംരക്ഷണത്തിനായി കൈമാറി.

സർക്കാരിന്റെയും സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്നേഹ കൂടിലേക്ക് ചേക്കേറിയ കുരുന്നിന് 2.4 കി.ഗ്രാം തൂക്കം ഉണ്ട്. നാട്ടിൽ സമത്വവും തുല്യതയും നല്ല മനസ്സും കാത്തു സൂക്ഷിക്കാൻ സമൂഹത്തിനുള്ള സന്ദേശമായി പുതിയ കുരുന്നിന് " സമൻ" എന്നു പേരിട്ടതായി അരുൺ ഗോപി പറഞ്ഞു. ലഭിച്ച ഉടൻ തൈക്കാട് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക പരിശോധനയിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്തതിനാൽ തിരികെ സമിതി ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ചു. കേന്ദ്രത്തിലെ "അമ്മ" മാരുടെ പൂർണ്ണ നിരീക്ഷണത്തിലും പരിചരണയിലുമാണ് സമൻ.

തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ഈ വർഷം ലഭിക്കുന്ന 13 -ാമത്തെ കുരുന്നാണ്. സെപ്തംബർ മാസം അമ്മത്തൊട്ടിൽ സമിതിയുടെ സംരക്ഷണയിലേക്ക് എത്തിയ മൂന്നാമത്തെ കുട്ടിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ലഭിച്ച കുഞ്ഞിനെ തുമ്പ, മുകിൽ എന്നിങ്ങനെ പേരിട്ടിരുന്നു.

നിലവിലുള്ള ഭരണ സമിതി അധികാരത്തിൽ വന്ന ശേഷം 175 കുട്ടികളെയാണ് ഇതുവരെ ഉചിതമായ മാതാപിതാക്കളെ നിയമപരമായ കണ്ടെത്തി ദത്ത് നൽകിയത്. കഴിഞ്ഞ വർഷം 32 കുട്ടികളാണ് സംസ്ഥാനത്ത് ഒട്ടാകെ സർക്കാരിന്റെയും സമിതിയുടെയും സംരക്ഷണാർത്ഥം സംസ്ഥാനത്ത് അമ്മ തൊട്ടിൽ മുഖാന്തിരം ലഭിച്ചത്. സമന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ കുരുന്നിന് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ അടിയന്തിരമായി ബന്ധപ്പെടണമെന്ന് അരുൺ ഗോപി അറിയിച്ചു.