സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് കമന്റും ലെെക്കും ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; മുന്നറിയിപ്പുമായി കേരള പൊലീസ്

Saturday 27 September 2025 7:23 PM IST

തിരുവനന്തപുരം: എഐകാലത്ത് സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം കണ്ണുമടച്ച് വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. എഐ ഉപയോഗിച്ചുള്ള തട്ടിപ്പുകളും വ്യാപകമാണെന്ന് പൊലീസ് അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുന്നറിയിപ്പ്. കാലുകൾ നഷ്ടപ്പെട്ട അശ്വതി ചേച്ചിയെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് രാഹുൽ എന്ന യുവാവിന്റെ പോസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് മുന്നറിയിപ്പ് നൽകിയത്. ഒരു പോസ്റ്റിന്റെ വിശ്വാസ്യതയും ആധികാരികതയും ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പ്രതികരിക്കാവൂവെന്നും പൊലീസ് കുറിച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം

ഭർത്താവ് ഉപേക്ഷിച്ച വീട്ടമ്മയ്ക്കും, കൈ കാലില്ലാത്ത കുട്ടി വരച്ച ചിത്രത്തിനും ലൈക്കും കമന്റും കൊണ്ട് നിറയ്ക്കുന്ന പ്രിയപ്പെട്ടവർ അറിയാനാണ്. നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ഇക്കാലത്ത് സോഷ്യൽ മീഡിയകളിലൂടെ നിങ്ങൾക്ക് മുന്നിലെത്തുന്നതിൽ ഭൂരിഭാഗവും. നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് കൊണ്ടുള്ള തട്ടിപ്പുകളും വ്യാപകമാകുകയാണ്. അതിനാൽ തന്നെ കരുതിയിരിക്കണം. നിങ്ങളുടെ പ്രതികരണം വിശ്വാസ്യതയും ആധികാരികതയും ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാകട്ടെ. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ 1930 എന്ന നമ്പറിലോ https://cybercrime.gov.in/ എന്ന റിപ്പോർട്ടിംഗ് പോർട്ടൽ വഴിയോ ഉടൻ ബന്ധപ്പെടുക.

കഴിഞ്ഞ ദിവസമാണ് അശ്വതി ചേച്ചിയെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന പോസ്റ്റ് വെെറലായത്. രാഹുലിന്റേതെന്ന തരത്തിൽ തോന്നിക്കുന്ന ഫേസ്ബുക്ക് പേജിൽ നിന്ന് ചിത്രങ്ങൾ സഹിതമായിരുന്നു പോസ്റ്റ്. ചെറുപ്പത്തിൽ തന്നെ രക്ഷിക്കാൻ വേണ്ടി ലോറിയുടെ മുന്നിൽ വീണ് കാലുകൾ നഷ്ടപ്പെട്ട അശ്വതി ചേച്ചിയെ വർഷങ്ങൾക്ക് ശേഷം താൻ വിവാഹം കഴിക്കാൻ പോകുന്നു എന്ന പേരിലായിരുന്നു കഥ പ്രചരിച്ചത്. ഇവർക്ക് ആശംസ നേർന്നും അഭിനന്ദനം അറിയിച്ചും നിരവധി കമന്റുകളും വന്നു. എന്നാൽ രാഹുൽ- അശ്വതി ദിവ്യപ്രണയകഥ വ്യാജം എന്ന് തെളിഞ്ഞിരുന്നു. ഡീപ്ഫേക്ക് ഉപയോഗിച്ച് നിർമ്മിച്ച ഫോട്ടോയും കുറിപ്പുമാണ് ഇതെന്നാണ് കണ്ടെത്തൽ.