ആയവന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം പണിയാൻ 1 കോടി 43 ലക്ഷം രൂപ

Sunday 28 September 2025 1:35 AM IST

മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം പണിയാൻ സംസ്ഥാന ഗവൺമെന്റ് എൻ.എച്ച്.എം സ്റ്റേറ്റ് മിഷനിൽ നിന്ന് 1 കോടി 43 ലക്ഷം രൂപ അനുവദിച്ചതായി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി രാജൻ അറിയിച്ചു. ആയവന ഗ്രാമ പഞ്ചായത്തിന്റെ അധീനതയിൽ ഈ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് 96 സെന്റ് സ്ഥലം ഉണ്ട്. 2019ൽ ആയവന പ്രാഥമിക ആരോഗ്യകേന്ദ്രം കുടുബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയിരുന്നു. ഗ്രാമപഞ്ചായത്ത് ഭരണ സമതി 10500 സ്ക്വയർ ഫീറ്റ് കെട്ടിടം പണിയാനുള്ള ഡി.പി.ആർ തയ്യാറാക്കി ആരോഗ്യ വകുപ്പ്മന്ത്രി വീണാ ജോർജിന് സമർപ്പിച്ചിരുന്നു. തുടർന്നാണ് കെട്ടിടം പണിയാൻ 1 കോടി 43 ലക്ഷം രൂപ അനുവദിച്ചത്. ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം ഉണ്ടാകുന്നതോടെ കൂടുതൽ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനം നൽകുവാനും കഴിയുമെന്നും കെ.ടി രാജൻ പറഞ്ഞു.