ചിതാഭസ്മം നാട്ടിലേക്കയയ്ക്കാൻ പണമില്ല, മധ്യപ്രദേശിൽ ചിതാഭസ്മം എത്തിച്ചുകൊടുത്ത് കേരള പൊലീസ്
തിരുവനന്തപുരം : ചിതാഭസ്മം അയയ്‌ക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിയ മദ്ധ്യപ്രദേശ് സ്വദേശികളായ കുടുംബത്തിന് സഹായവുമായി കേരള പൊലീസ്. ഇടുക്കിയിൽ ജോലി ചെയ്യാനെത്തിയ പതിനെട്ടുകാരനായ മദ്ധ്യപ്രദേശ് സ്വദേശി അമൻകുമാറിന്റെ കുടുംബത്തിനാണ് കേരള പൊലീസ് സഹായമായത്.
രോഗബാധിതനായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അമൻ മരിച്ചത്. അമൻകുമാറിന്റെ മൃതദേഹം കരാറുകാരൻ നാട്ടകത്തെ മോർച്ചറിയിൽ എത്തിച്ച ശേഷം സ്ഥലം വിട്ടു. ഇതോടെ പൊലീസ് ഇടപെട്ടു. ചിങ്ങവനം പൊലീസ് അമൻകുമാറിന്റെ ബന്ധുക്കളുമായി സംസാരിച്ചപ്പോൾ മൃതദേഹം കൊണ്ടുപോകാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്നറിയിച്ചു. തുടർന്ന് ബന്ധുക്കളുടെ ആഗ്രഹപ്രകാരം മുട്ടമ്പലം ശ്‌മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു.
ചിതാഭസ്മം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാമോയെന്ന് പൊലീസിനോട് ബന്ധുക്കൾ അഭ്യർത്ഥിച്ചിരുന്നു. അങ്ങനെചിതാഭസ്മം അയയ‌്ക്കേണ്ട ചുമതല പൊലീസിനായി. നാട്ടിലേക്ക് ചിതാഭസ്മം അയയ്‌ക്കാൻ ശ്രമിച്ചപ്പോൾ കൊറിയർ കമ്പനികളൊന്നും അമൻകുമാറിന്റെ വിലാസമുള്ള സ്ഥലത്തുണ്ടായിരുന്നില്ല.
ശരിയായ വിലാസം കണ്ടെത്തുന്നതുവരെ ചിതാഭസ്മം ആദരവോടെ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചു. ചിതാഭസ്മം കൈകാര്യം ചെയ്‌ത സിവിൽ പൊലീസ് ഓഫീസർ യു.ആർ. പ്രിൻസ് ഈ ദിവസങ്ങളിൽ മത്സ്യവും മാംസവും വർജിക്കുകയും ചെയ്‌തു. ഒടുവിൽ അമന്റെ ചിതാഭസ്മം തപാൽ മാർഗം അയച്ചു. ചിതാഭസ്‌മം ലഭിച്ച ശേഷം ബന്ധുക്കൾ അന്ത്യകർമങ്ങളുടെ ചടങ്ങുകൾ ചിങ്ങവനം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ വി.എസ്. അനിൽകുമാറിനും, സിവിൽ പൊലീസ് ഓഫീസർ സഞ്ജിത്തിനും അയച്ചു നൽകുകയും, മരണാനന്തര ചടങ്ങുകൾ പൂർത്തിയായപ്പോൾ കുടുംബത്തിന്റെ നന്ദി അറിയിച്ചു.
'ഒരിക്കൽ പോലും കാണുകയോ മിണ്ടുകയോ എന്തിന്, ആരെന്നു പോലുമറിയാത്ത ഒരാൾക്കായി തന്റെ ഇഷ്ടങ്ങളും ദിനചര്യകളും മാറ്റിവെച്ച ആ സാറല്ലേ യഥാർത്ഥ ജനസേവകൻ' എന്നാണ് ഒരാൾ പോസ്റ്റിനുതാഴെ കമന്റ് ചെയ്‌തത്.