എൻ.എസ്.എസിന്റെ തീരുമാനത്തിൽ കോൺഗ്രസിന് ആശങ്കയില്ല:സതീശൻ
തിരുവനന്തപുരം: എൻ.എസ്.എസിന്റെ രാഷ്ട്രീയ തീരുമാനങ്ങളിൽ കോൺഗ്രസിന് ആശങ്കയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സമുദായ സംഘടനകൾക്ക് രാഷ്ട്രീയ തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്യമുണ്ട്. ആകാശം ഇടിഞ്ഞുവീണാലും സുപ്രീംകോടതി വിധിക്കൊപ്പം നിൽക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ നിലപാട് മാറ്റി. ശബരിമലയിൽ സ്ത്രീകളെ കയറ്റണമെന്ന നിലപാടാണ് മുൻപ് എസ്.എൻ.ഡി.പി യോഗം സ്വീകരിച്ചത്. കേരളത്തിലെ സി.പി.എം ഇപ്പോൾ എല്ലാ ജാതിമത വിഭാഗങ്ങളെയും പ്രീണിപ്പിക്കാൻ ശ്രമിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയായി അധഃപതിച്ചു. കോൺഗ്രസിന്റെ നിലപാടുകളിൽ മാറ്റമില്ല. ഞങ്ങളുടെ രാഷ്ട്രീയ തീരുമാനങ്ങളിൽ ആർക്കും സ്വാധീനം ചെലുത്താൻ സാധിക്കില്ല. ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കില്ല. കപടഭക്തി കാണിച്ച് അയ്യപ്പസംഗമം നടത്തുന്നവർക്കൊപ്പമല്ല കോൺഗ്രസ്. സർക്കാരിന്റെ അയ്യപ്പസംഗമം എട്ടുനിലയിൽ പൊട്ടിപ്പോയി. വിദ്വേഷ പ്രസംഗം നടത്തുന്നവരെ വേദിയിലിരുത്തി പരിഹാസ്യരാവുന്ന പരിപാടിയിൽ കോൺഗ്രസ് പങ്കെടുക്കാതിരുന്നത് വലിയ ആശ്വാസമാണ്. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചപ്പോൾ മന്ത്രിമാർ പുളകിതരായെന്നും ഇത് മുഖ്യമന്ത്രിയും യോഗിയും തമ്മിലുള്ള കൂട്ടുകെട്ടാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആര് വർഗീയത പറഞ്ഞാലും എതിർക്കും : വി.ഡി.സതീശൻ
കോട്ടയം: ആര് വർഗീയത പറഞ്ഞാലും ചോദ്യം ചെയ്യുമെന്നും, ജനങ്ങളെ തമ്മിലടിപ്പിക്കുന്നത് നോക്കി നിൽക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ് കോട്ടയം ജില്ലാ കമ്മിറ്റി തിരുനക്കരയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടാണ് യു.ഡി.എഫിനുള്ളത്. മതേതര മൂല്യങ്ങളെ വോട്ടിനു വേണ്ടി വിൽക്കില്ല. സംസ്ഥാന സർക്കാരും, സി.പി.എമ്മും ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. ന്യൂനപക്ഷ - ഭൂരിപക്ഷ വർഗീയത ഒരേ പോലെ എതിർക്കപ്പെടേണ്ടതാണ്.2026 ലെ തോൽവി തിരിച്ചറിഞ്ഞുള്ള വിഭാന്ത്രിയാണ് സി.പി.എമ്മിന്. അതിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ആഗോള അയ്യപ്പ സംഗമം. രാത്രിയിൽ ശബരിമലയിൽ ആചാര ലംഘനം നടത്താൻ ആളെ കടത്തി വിടുന്നതിന് കൂട്ടു നിൽക്കുകയും കേരളത്തിൽ നവോത്ഥാന മതിൽ തീർക്കുകയും ചെയ്തവരാണ് അയ്യപ്പ സംഗമവുമായി വന്ന് വിശ്വാസികളുടെ വോട്ട് നേടാൻ ശ്രമിക്കുന്നത്.കപട അയ്യപ്പ ഭക്തിയുമായി ഇറങ്ങി തിരിച്ചിരിക്കുന്ന മുഖ്യമന്ത്രി എന്നാണ് കാഷായ വസ്ത്രം ധരിക്കുന്നതെന്ന് നോക്കിയാൽ മതിയെന്നും സതീശൻ പരിഹസിച്ചു.
സതീശന്റെ പ്രസ്താവനമുസ്ലിംലീഗിനെ പ്രീതിപ്പെടുത്താൻ:ഐ.എൻ.എൽ
കോഴിക്കോട്: ഐ.എൻ.എല്ലിനെതിരെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നടത്തിയ പ്രസ്താവന തരംതാണതാണെന്ന് സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ. മുസ്ലിംലീഗിനെ പ്രീതിപ്പെടുത്താനായിരിക്കാം ഇത്തരം പ്രസ്താവന പ്രതിപക്ഷ നേതാവ് നടത്തിയത്. സതീശന്റെ വാക്ക് സ്വന്തം പാർട്ടി പ്രവർത്തകർ പോലും കേൾക്കുന്നില്ല. കോൺഗ്രസിലും യു.ഡി.എഫിലും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന സതീശൻ അവസാന പിടിവള്ളിയായി മുസ്ലിംലീഗിനെ പ്രീതിപ്പെടുത്തി ജീവിക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായാണ് ഐ.എൻ.എല്ലിന്റെ മേൽ കുതിരകയറുന്നത്. 32 വർഷത്തെ ഐ.എൻ.എല്ലിന്റെ ചരിത്രം പരിശോധിച്ചാൽ ഒരു ക്രിമിനൽ കേസിൽ പോലും പ്രവർത്തകർ ഉൾപ്പെട്ടിട്ടില്ലെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. എന്നാൽ കോൺഗ്രസ് സംഘപരിവാറിന് ഒത്താശ നൽകി ബാബറി മസ്ജിദ് തകർക്കാൻ കൂട്ടുനിന്നെന്നും അദ്ദേഹം പറഞ്ഞു. മതേതര നിലപാടിനെ എതിർക്കുന്ന പാർട്ടിയാണ് ഐ.എൻ.എൽ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം.
യൂത്ത് കോൺ. അദ്ധ്യക്ഷൻ: ബിനു ചുള്ളിയിലിന് സാദ്ധ്യത
□പ്രതിഷേധവുമായി ഗ്രൂപ്പുകൾ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ രാജി വച്ച ഒഴിവിൽ രണ്ടു ദിവസത്തിനകം പുതിയ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനെ പ്രഖ്യാപിക്കും.ദേശീയ സെക്രട്ടിയായ ബിനു ചുള്ളിയിലിനെ അദ്ധ്യക്ഷനാക്കാനാണ് നീക്കം. സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത നേതാവിനെ അഭിമുഖം ഒഴിവാക്കി അദ്ധ്യക്ഷനാക്കാനുള്ള ശ്രമത്തിൽ ഗ്രൂപ്പുകൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. ബിനു ചുള്ളിയിൽ കെ.സി.വേണുഗോപാലിന്റെ വിശ്വസ്തനാണ്. അബിൻ വർക്കി, ഒ.ജെ.ജനീഷ്, കെ.എം.അഭിജിത് എന്നിവരും പരിഗണനയിലുണ്ട്. നേരത്തേ നടന്ന തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കിക്ക് അവസരം നിഷേധിക്കുന്നത് അനീതിയാണെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം അബിൻ വർക്കി ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നാണെന്ന് ചൂണ്ടിക്കാട്ടി മാറ്റി നിറുത്തുന്നത് ശരിയായ രീതിയല്ലെന്നും. കെ.പി.സി.സി പ്രസിഡന്റും മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയും കെ.എസ്.യു അദ്ധ്യക്ഷനും ന്യൂനപക്ഷ സമുദായക്കാരാണ്. കഴിഞ്ഞ രണ്ട് വർഷമായി നടന്ന യൂത്ത് കോൺഗ്രസ് സമരങ്ങളിലോ പരിപാടികളിലോപങ്കെടുക്കാത്തവരെയും, പ്രായപരിധി കഴിഞ്ഞവരെയും യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനാക്കരുതെന്ന വാദവും ഉയരുന്നു