അലിമുക്കിൽ വീണ്ടും വാഹനാപകടം: ഒരേ കടയിൽ എട്ടാം തവണയും നാശം

Sunday 28 September 2025 12:10 AM IST
പുനലൂർ - മൂവാറ്റുപുഴ പാതയിലെ കൊടുംവളവിലെ അലിമുക്ക് ജംഗ്ഷനിൽ നിയന്ത്രണം വിട്ടെത്തിയ കാർ ബിജുവിന്റെ ചിപ്സ് കടയിൽ ഇടിച്ചു കയറിയപ്പോൾ

പത്തനാപുരം: പുനലൂർ-മൂവാറ്റുപുഴ റോഡിലെ കൊടുംവളവായ അലിമുക്കിൽ നിയന്ത്രണം വിട്ടെത്തിയ വാഹനം വീണ്ടും കടയിലേക്ക് ഇടിച്ചുകയറി വ്യാപകനാശം വരുത്തി. ഇന്നലെ പുലർച്ചെ 4.30ഓടെ പത്തനാപുരം ഭാഗത്ത് നിന്ന് പുനലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അലിമുക്ക് സ്വദേശിയായ ബിജുവിന്റെ ചിപ്‌സ് കടയിൽ ഇടിച്ചുകയറിയത്. ഇത് എട്ടാമത്തെ തവണയാണ് ബിജുവിന്റെ കടയിൽ വാഹനം ഇടിച്ച് കയറി നാശനഷ്ടമുണ്ടാക്കുന്നത്. കഴിഞ്ഞ മാസം ഓണവ്യാപാരത്തിന് സാധനങ്ങൾ ഒരുക്കുന്നതിനിടെയും പുലർച്ചെ എത്തിയ വാഹനം കടയിലിടിച്ച് ഷട്ടറടക്കമുള്ളവ നശിച്ചിരുന്നു. നവീകരണ ജോലികൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഇന്നലെ വീണ്ടും അപകടം സംഭവിച്ചത്. അപകടങ്ങൾ രാത്രികാലങ്ങളിൽ നടക്കുന്നതിനാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ല.

വളവ് നിവർത്താത്തത് അപകട കാരണം

റോഡിന്റെ ഇരുഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ എത്തുമ്പോൾ കൊടുംവളവായ അലിമുക്ക് ജംഗ്ഷനിൽ നിയന്ത്രണം വിട്ട് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇടിച്ചുകയറുന്നത് ഇവിടെ പതിവ് സംഭവമായി മാറുകയാണ്. പുനലൂർ-മൂവാറ്റുപുഴ പാതയുടെ നവീകരണ വേളയിൽ അലിമുക്കിലെ വളവ് നിവർത്താതെണികൾ പൂർത്തിയാക്കിയതാണ് അപകടങ്ങൾ ആവർത്തിക്കാൻ പ്രധാന കാരണം. കൊടുംവളവിലെ അപകടം ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്കും കെ.എസ്.ടി.പി. അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. എന്നാൽ നടപടികൾ ഇഴഞ്ഞുനീങ്ങുന്നതിനാൽ അപകടങ്ങൾ തുടരുകയാണ്.