ഏഷ്യാ കപ്പിൽ ഇന്ത്യ- പാക് ഗ്രാൻഡ് ഫിനാലെ

Sunday 28 September 2025 12:12 AM IST

ദുബായ്: ഇന്ന് നടക്കുന്ന ഏഷ്യാ കപ്പ് ട്വന്റി- 20 ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെ നേരിടും. ദുബായിൽ ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം. ഇരുരാജ്യങ്ങൾക്കുമിടയിൽ കടുത്ത സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ നടക്കുന്ന ഫൈനലിന് കളിയേക്കാളുപരി വലിയ മാനങ്ങളുണ്ട്.

ലീഗ് ഘട്ടത്തിലും സൂപ്പർ ഫോറിലും മുഖാമുഖം വന്നപ്പോൾ പാകിസ്ഥാനെ തോൽപ്പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഇന്ത്യയോട് തോറ്റ ശേഷം, തുടർന്നുള്ള രണ്ട് മത്സരങ്ങളിലും ജയം നേടി ഫൈനലുറപ്പിച്ച പാകിസ്ഥാൻ കിരീടപ്പോരിലും വിജയത്തുടർച്ച സ്വപ്നം കാണുന്നു. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ഫൈനലിലും കളിക്കുമെന്നാണ് സൂചന.