തദ്ദേശ വോട്ടർ പട്ടികയിൽ വീണ്ടും പേരുചേർക്കാം

Sunday 28 September 2025 12:41 AM IST

തിരുവനന്തപുരം: ഡിസംബറിൽ നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക വീണ്ടും പുതുക്കും. നാളെ മുതൽ പേരുചേർക്കാൻ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങും. ഒക്ടോബർ 14വരെ നൽകാം. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും. പട്ടികയിലുള്ളവർക്കും പുതുതായി ചേർക്കുന്നവർക്കും ഒൻപത് അക്ക സവിശേഷ വോട്ടർ നമ്പർ നൽകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. എസ്.ഇ.സി എന്ന് ഇംഗ്ളീഷിലും പിന്നാലെ 9 അക്ക നമ്പറും ചേർന്നതായിരിക്കുമിത്. പിന്നീട് തിരുത്തലോ, ബൂത്ത്, വാർഡ് മാറ്റമോ വരുത്തണമെങ്കിൽ റഫറൻസായി ഈ നമ്പർ നൽകണം. ഇതാദ്യമായാണ് തദ്ദേശവോട്ടർപട്ടികയിൽ സവിശേഷ നമ്പർ നൽകുന്നത്. ഈ വർഷം ജനുവരിയിൽ 18വയസ് പൂർത്തിയായവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തുക. തിരുത്തലുകളോ മാറ്റങ്ങളോ വരുത്തണമെങ്കിലും നിശ്ചിത ഫോറത്തിൽ ഓൺലൈനായോ നേരിട്ടോ അപേക്ഷിക്കാം. അപേക്ഷിക്കുമ്പോൾ കമ്പ്യൂട്ടറിൽ തയ്യാറാക്കിയ അറിയിപ്പും കൂടികാഴ്ചയുള്ള ഷെഡ്യൂളും പിന്നാലെ ലഭിക്കും.നിശ്ചിത സമയത്ത് രേഖകൾ സമർപ്പിച്ചാൽ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തും.

സെപ്തം. 2 ലെ അന്തിമ പട്ടിക

കരടായി പ്രസിദ്ധീകരിക്കും

# 2025 സെപ്തംബർ 2 ന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയാണ് ഇപ്പോൾ കരടായി പ്രസിദ്ധീകരിക്കുന്നത്. കരട് പട്ടികയിൽ 2,83,12,458 വോട്ടർമാരുണ്ട്.

# 1,33,52,947പുരുഷന്മാരും 1,49,59,235

സ്ത്രീകളും 276 ട്രാൻസ്‌ജെൻഡറുമാണ് പട്ടികയിലുള്ളത്. പുറമെ 2087 പ്രവാസികളും പട്ടികയിലുണ്ട്.

# കരട് പട്ടിക തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ sec kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.

# തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത് 941 ഗ്രാമപഞ്ചായത്തുകളിലെ 17337വാർഡുകൾ, 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകൾ, 6 മുനിസിപ്പൽ കോർപ്പറേഷനുകളിലെ 421 വാർഡുകൾ