ഭിന്നശേഷിക്കാർക്ക് ജോലി കൊടുക്കാത്ത നിലപാടുകൾ അംഗീകരിക്കില്ല : മന്ത്രി വി.ശിവൻകുട്ടി 

Sunday 28 September 2025 12:47 AM IST

തൃശൂർ: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഭിന്നശേഷിക്കാർക്ക് ജോലി കൊടുക്കാൻ സർക്കാരിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.എയ്ഡഡ് സ്‌കൂളിലെ ഭിന്നശേഷി നിയമനങ്ങളെ ചില ക്രിസ്ത്യൻ സംഘടനകൾ എതിർക്കുന്നുണ്ട്.ഭിന്നശേഷിക്കാർക്ക് ജോലി കൊടുക്കാൻ പാടില്ലെന്ന നിലപാടുകൾ അംഗീകരിക്കില്ല.ഹൈക്കോടതിയും സുപ്രീംകോടതിയും പറഞ്ഞപ്രകാരം ഭിന്നശേഷിക്കാർക്ക് ജോലി നൽകണം.

എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണവും നിയമനവും വേഗത്തിലാക്കുന്നതിന് സുപ്രീംകോടതി നിർദേശപ്രകാരം സംസ്ഥാന-ജില്ലാതല സമിതികൾ രൂപീകരിച്ചിട്ടുണ്ട്.2025 ജൂൺ 28 മുതൽ എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനങ്ങൾ നടത്തേണ്ടത് ജില്ലാതല സമിതികളാണ്. മാനേജർമാർ സമന്വയ സോഫ്റ്റ്‌വെയറിലൂടെ വിട്ടുനൽകിയ ഒഴിവുകൾ സ്ഥിരീകരിച്ച് വിദ്യാഭ്യാസ അധികൃതർ ജില്ലാതല സമിതികൾക്ക് ആഗസ്റ്റ് 8ന് തന്നെ നൽകണമെന്ന് നിർദേശം നൽകിയിരുന്നു.

നിയമനത്തിന് യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി ലിസ്റ്റുകളും ഫോൺ നമ്പറുകളും സ്‌പെഷ്യൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്നും ജില്ലാതല സമിതിക്ക് സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഭിന്നശേഷി നിയമനം നടപ്പാക്കാനായി മാനേജർമാർ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലേക്ക് നൽകിയിട്ടുണ്ട്.ഒക്ടോബറിൽ 1400 ഓളം ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്ക് ആദ്യഘട്ടത്തിൽതന്നെ നിയമന ശുപാർശകൾ നൽകാനാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വിശദീകരിച്ചു.