ക്ഷേത്ര വഴിപാടുകൾ ഓൺലൈനായി ബുക്ക് ചെയ്യാം
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ വഴിപാടുകൾ ഭക്തർക്ക് വീട്ടിലിരുന്ന് ഓൺലൈനായിബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കുന്നു.ഇതിനായുള്ള കൗണ്ടർ ബില്ലിംഗ് മൊഡ്യൂളിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 5ന് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും.കൗണ്ടർ ബില്ലിംഗ് മോഡ്യൂൾ പ്രവർത്തനക്ഷമമാക്കി ഒരു മാസത്തിനകം എല്ലാ വഴിപാടുകളും ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. ആദ്യം മേജർ ക്ഷേത്രങ്ങളിലാണ് സൗകര്യം ലഭ്യമാകുക. ആറുമാസത്തിനകം ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും ഇത് ലഭ്യമാകും. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ ആണ് ഈ സോഫ്റ്റ്‌വേർ തയ്യാറാക്കുന്നത്.വഴിപാട് ബില്ലിങ്ങിന് പുറമേ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ അടക്കമുള്ള വസ്തുക്കളുടെ വിവരങ്ങളും, ക്ഷേത്രഭൂമി സംബന്ധിച്ച വിവരങ്ങളും ക്ലൗഡ് അധിഷ്ഠിതമായ സോഫ്റ്റ്‌വെയറിലുടെ ലഭ്യമാകും. ഓരോ ക്ഷേത്രങ്ങൾക്കും പ്രത്യേകം വെബ്‌സൈറ്റുകളുണ്ടാകും.ക്ഷേത്രങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഭക്തർക്ക് ലഭ്യമാകുന്ന തരത്തിലാണ് സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.