സാംസ്കാരിക നഗരിയിലേക്ക് വീണ്ടും കലോത്സവം; സ്വാഗത സംഘം ഓഫീസ് തുറന്നു

Sunday 28 September 2025 1:16 AM IST

തൃശൂർ: 2018ന് ശേഷം വീണ്ടും സാംസ്‌കാരിക നഗരിയിലേക്ക് സ്‌കൂൾ കലോത്സവമെത്തുന്നു. സ്വാഗതസംഘം ഓഫീസ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി വി. ശിവൻകുട്ടി തുറന്നു. തേക്കിൻകാടിന് ചുറ്റും മൂന്ന് വേദികൾ ഒരുക്കുന്നതോടെ മേള കൂടുതൽ ജനകീയമാകും. എക്‌സിബിഷൻ ഗ്രൗണ്ടിലും തെക്കെഗോപുര നടയിലും നെഹ്രു പാർക്കിന് സമീപവുമാണിത്. കൂടാതെ നഗരമദ്ധ്യത്തിൽ നിന്നും മറ്റ് വേദികളിലേക്കും എളുപ്പമെത്താം. സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ റവന്യൂ മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ശേഷം മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തി. കെ.രാധാകൃഷ്ണൻ എം.പി, എം.എൽ.എമാരായ എ.സി.മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, ഡെപ്യൂട്ടി മേയർ എം.എൽ.റോസി, കളക്ടർ അർജുൻ പാണ്ഡ്യൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ്, വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം.ബാലകൃഷ്ണൻ, എ.ഡി.പി.ഐ കെ.എസ്.ഷിബു തുടങ്ങിയവർ പങ്കെടുത്തു. 249 ഇനങ്ങളിലായി 14,000 മത്സരാർത്ഥികൾ കലോത്സവത്തിൽ പങ്കെടുക്കും.കഴിഞ്ഞവർഷത്തെ കിരീടം തൃശൂരിനായതിനാൽ സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് പകരം ഇത്തവണ കാസർകോട് നിന്നും തിരുവനന്തപുരത്ത് നിന്നും രണ്ട് ഘോഷയാത്രകൾ കലോത്സവ നഗരിയിലേക്ക് എത്തിച്ചേരും. നിലവിലെ ചാമ്പ്യന്മാരുടെ സ്ഥലത്ത് നിന്നും കലോത്സവ നഗരിയിലേക്കാണ് ഘോഷയാത്ര നടക്കാറ്.