എല്ലാ ദൃശ്യങ്ങളും പരിശോധിക്കേണ്ട; വേണ്ടതുകിട്ടാൻ പൊലീസിന്റെ എ.ഐ #പിന്നിൽ ഐ.ഐ.ടി ബിരുദധാരിയായ എ.എസ്.പി ഹാർദിക് മീണ
തൃശൂർ: അപകടങ്ങളോ കുറ്റകൃത്യങ്ങളോ നടന്നാൽ മുഴുവൻ സി.സി.ടി.വി ദൃശ്യവും പരിശോധിച്ച് സമയം പാഴാക്കാതെ
ആവശ്യമുള്ളവ മാത്രം കണ്ടെത്താൻ
ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് സാങ്കേതിക വിദ്യയുമായി പൊലീസ്. തൃശൂർ സിറ്റി പൊലീസ് വികസിപ്പിച്ച സാങ്കേതികവിദ്യയ്ക്ക് സംസ്ഥാന പൊലീസ് അംഗീകാരം നൽകിയതോടെ, വ്യാപകമായി ഉപയോഗിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടു.
അപകടമുണ്ടാക്കിയതോ മോഷ്ടിച്ചതോ ആയ ബൈക്കാണ് കണ്ടെത്തേണ്ടതെങ്കിൽ ബൈക്ക് എന്ന് കമാൻഡ് നൽകിയാൽ ബൈക്ക് ഉൾപ്പെട്ട എല്ലാ ദൃശ്യങ്ങളും ലഭിക്കും. ഏത് വാഹനമാണോ ലഭിക്കേണ്ടത് ആ വാഹനങ്ങൾ മാത്രം ഉൾപ്പെട്ട ദൃശ്യങ്ങൾ പെട്ടെന്ന് ലഭ്യമാകും. കഴിഞ്ഞ ജനുവരിയിലാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. തൃശൂരിൽ ട്രെയിനിംഗിനെത്തിയ ഐ.ഐ.ടി ബിരുദധാരിയും ഇപ്പോൾ പെരുമ്പാവൂർ സബ് ഡിവിഷനിൽ സേവനം അനുഷ്ഠിക്കുന്ന എ.എസ്.പിയുമായ ഹാർദിക് മീണയുടെ നേതൃത്വത്തിലായിരുന്നു സംവിധാനം ഒരുക്കിയത്.
എ.എസ്.പി ഹാർദിക് മീണ ആശയം മുന്നോട്ടുവച്ചപ്പോൾ വികസിപ്പിക്കാനുള്ള എല്ലാ സൗകര്യവും സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ നൽകി. ഡി.ഐ.ജി എസ്.ഹരിശങ്കറും കമ്മിഷണറും പദ്ധതിയുടെ പുരോഗതി നിരീക്ഷിച്ച് മാർഗനിർദ്ദേശം നൽകി. ആദ്യം ഇരുചക്ര വാഹനങ്ങളെ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യയാണ് കണ്ടെത്തിയത്. പിന്നീട് കാർ, ട്രക്ക് എന്നിവ കൂടി ഉൾപ്പെടുത്തി. ഈ സാങ്കേതിക വിദ്യയിലൂടെ ലഭിക്കുന്ന ദൃശ്യങ്ങൾക്ക് നല്ല വ്യക്തതയുണ്ടായിരിക്കും.
നിലവിലെ ക്യാമറകളിൽ
ഉൾപ്പെടുത്താനാവും
എ.ഐ അധിഷ്ഠിത ക്യാമറകൾ കുറവായതിനാൽ, നിലവിലുള്ള ക്യാമറകളിൽ തന്നെ ചില സ്മാർട്ട് സവിശേഷതകൾ ഉൾപ്പെടുത്തി ഉപയോഗിക്കാം. സി.സി.ടി.വി ക്യാമറകളിൽ ഈ സാങ്കേതിക വിദ്യ ഉൾപ്പെടുത്തണം. ഇതിനായി ക്യാമറകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് നടപടികളാരംഭിച്ചു.
``തൃശൂർ സിറ്റി പൊലീസിന് അഭിമാനിക്കാവുന്ന കണ്ടെത്തലാണിത്. ഹാർദിക് മീണ ഇവിടെ ട്രെയിനിംഗിനെത്തിയപ്പോൾ ഐ.ഐ.ടി പ്രൊഫഷനിൽ നിന്ന് വന്നതിനാൽ എന്തെങ്കിലും പൊലീസിന് സംഭാവന ചെയ്യാൻ സാധിക്കുമോയെന്ന് ചോദിച്ചിരുന്നു. അങ്ങനെയാണ് സംസ്ഥാന പൊലീസിന് ഏറ്റവും പ്രയോജനകരമായ ഈ കണ്ടെത്തലിലേക്കെത്തിയത്. ``
ആർ.ഇളങ്കോ സിറ്റി പൊലീസ് കമ്മിഷണർ,തൃശൂർ