യുവതി​യെ കുത്തിക്കൊന്ന കേസ്: ഭർത്താവുമായി​ വീണ്ടും തെളി​വെടുപ്പ്

Sunday 28 September 2025 1:24 AM IST
പുനലൂർ കലയനാട് കൂത്തനാടിയിൽ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് ഐസ്ക് മാത്യുവിനെയും കൊണ്ട് പോലീസ് സ്ഥലത്ത് വീണ്ടും തെളിവെടുപ്പു നടത്തുന്നു.

പുനലൂർ: കലയനാട് കൂത്തനാടിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിക്കൊന്ന കേസി​ൽ ഭർത്താവിനെ വീണ്ടും സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൊല്ലപ്പെട്ട ശാലിനിയുടെ ഭർത്താവ് ഐസക്ക് മാത്യുവിനെ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കലയനാട് കൂത്തനാടിയിൽ എത്തിച്ചത്. കുത്താൻ ഉപയോഗിച്ച കത്തി സമീപത്തെ കാട്ടിൽ ഉപേക്ഷിച്ചെന്നാണ് പൊലീസിനോട് പറഞ്ഞി​രുന്നത്.

കൊലപാതകത്തിന് ശേഷം പ്രതി നടന്നുപോയ വഴികളിലൂടെയും സമീപത്തെ റബർ തോട്ടത്തിലും റെയിൽവേ ട്രാക്കിലും എത്തിച്ച് പരിശോധന നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല. പുനലൂർ എസ്.എച്ച്.ഒ ടി. രാജേഷ് കുമാർ, എസ്.ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. കൂത്തനാടി ചരുവിള പുത്തൻ വീട്ടിൽ (സെബിൻ വിലാസം) ശാലിനിയെ (39) കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് ഐസക്ക് മാത്യു കൊലപ്പെടുത്തി​യത്. ഇതു സംബന്ധിച്ച് ഫേസ്ബുക്കിൽ ലൈവ് വീഡിയോ ഇട്ട ശേഷം കീഴടങ്ങുകയായിരുന്നു.