വട്ടിയൂർക്കാവിൽ നിന്നൊരു ഗാനയാത്ര, ശ്രേയാ ഘോഷാലിനോട് മത്സരിക്കാൻ അനുമിത
അർജിത്ത് സിംഗിനൊപ്പം പാടി
തിരുവനന്തപുരം: കൊവിഡ് കാലത്ത് നേരംപോക്കിനായി ഇൻസ്റ്റഗ്രാമിൽ പാടി പോസ്റ്റ് ചെയ്ത ഗാനമാണ് അനുമിത നടേശന്റെ(24) ജീവിതത്തിൽ വഴിത്തിരിവായത്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ ആലിയ ഭട്ട് ഹിന്ദിചിത്രം 'ജിഗ്രയിലെ' 'തേനു സംഗ് രഖ്ന.' എന്ന ഗാനം പാടാനുള്ള അവസരം വരെ അത് നേടിക്കൊടുത്തു. ഇപ്പോൾ ഗാനത്തിന് ഈ വർഷത്തെ മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുകയാണ് തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ അനുമിത. ഇന്ത്യയിലെ ഏറ്രവും ശ്രദ്ധേയമായ ചലച്ചിത്ര അവാർഡുകളിലൊന്നായ ഫിലിം ഫെയറിന്റെ ചുരുക്കപ്പട്ടികയിൽ ശ്രേയ ഘോഷാൽ,ശില്പ റാവു,രേഖ ഭരദ്വാജ് തുടങ്ങിയ പ്രമുഖ ഗായകർക്കൊപ്പമാണ് അനുമിതയും ഇടംപിടിച്ചത്. തന്റെ ഹിന്ദി അരങ്ങേറ്റഗാനം അംഗീകാരത്തിന് അരികെയെത്തിയതിന്റെ സന്തോഷത്തിലാണ് അനുമിത.സമൂഹമാദ്ധ്യമങ്ങളിലൂടെ പാട്ട് കേട്ടാണ് ജിഗ്രയുടെ അണിയറപ്രവർത്തകർ അനുമിതയുമായി ബന്ധപ്പെടുന്നത്.മുംബയിൽ റെക്കാഡിംഗിന് പോയപ്പോഴാണ് ലോകപ്രശസ്ത ഗായകൻ അർജിത്ത് സിംഗും പാടാൻ ഒപ്പമുണ്ടെന്ന് അറിയുന്നത്.സഹോദരസ്നേഹം വെളിവാക്കുന്ന ഗാനമാണ് തേനു സംഗ് രഖ്ന. 'ഏറെ ആരാധിക്കുന്ന ഗായകർക്കൊപ്പം നോമിനേറ്റ് ചെയ്യപ്പെട്ടുവെന്നത് വലിയ അഭിമാനമാണ്..'അനുമിത പറയുന്നു. അടുത്തമാസമായിരിക്കും ഫലപ്രഖ്യാപനം.മാദ്ധ്യമമേഖലയിൽ പ്രവർത്തിക്കുന്ന എൻ.വി.അജിത്തിന്റെയും രാജിതയുടെയും മകളാണ് അനുമിത.സഹോദരി അനഘ.
സംഗീതത്തിലെ രണ്ടാംവരവ്
'ജഷ്ന്-ഇ-ബഹാറ' എന്ന ഹിന്ദി ഗാനമാണ് അനുമിതയെ സമൂഹമാദ്ധ്യമത്തിലെ താരമാക്കിയത്. അക്കാലത്ത് തന്നെ സംഗീതസംവിധാനവും നിർമ്മാണവുമെല്ലാം ചെറിയ രീതിയിൽ ചെയ്യുന്നുണ്ടായിരുന്നു. ബോളിവുഡ് താരങ്ങളായ സോനം കപൂർ,ആയുഷ്‌മാൻ ഖുറാന അടക്കമുള്ളവർ അനുമിതയുടെ ഗാനങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. അതുവഴി ആൽബങ്ങൾ ചെയ്യാൻ അവസരമൊരുങ്ങി.അഞ്ചുവയസ് മുതൽ കർണാടകസംഗീതം അഭ്യസിക്കുന്നുണ്ട്.സംഗീത കോളേജിലെ പ്രൊഫസറായിരുന്ന വയലിനിസ്റ്റ് കടനാട് ഹരിദാസായിരുന്നു ഗുരു.പ്ലസ്ടു കഴിഞ്ഞ് ബി.എ മ്യൂസിക്കിന് ചേർന്നെങ്കിലും പ്രൊഫഷണൽ കോഴ്സ് ചെയ്യാനുള്ള ആഗ്രഹത്താൽ ബി.എ പാതിവഴിയിലുപേക്ഷിച്ചു.ഹൈദരാബാദിൽ ഫുട്‌വെയർ ഡിസൈനിംഗ് കോഴ്സ് ചെയ്തു വരികെയാണ് റീലുകളിലൂടെ വൈറലായത്.അങ്കിത് മേനോന്റെ 'നടന്ന സംഭവം' എന്ന ചിത്രത്തിലെ 'മാറുന്ന കാലം' എന്ന ഗാനവും ആലപിച്ചു. ഇപ്പോൾ പഠനം പൂർത്തിയാക്കി പൂർണമായും സംഗീതത്തിലേയ്ക്ക് തിരിഞ്ഞു.അനുമിതയുടെ ഇൻഡിപെൻഡന്റ് ആൽബം 'രംഗ് ' കഴിഞ്ഞദിവസം പുറത്തിറങ്ങി. സംവിധാനവും സംഗീതവും നിർമ്മാണവുമടക്കം ചെയ്ത് സ്വതന്ത്രസംഗീതമേഖലയിൽ സജീവമാകുകയാണ് ലക്ഷ്യം.