കൊല്ലത്തെ ആർ.ടി​.എ ബോർഡ് യോഗം ചേർന്നി​ട്ട് ഒന്നരക്കൊല്ലം

Sunday 28 September 2025 1:27 AM IST

യാത്രാ ദുരി​തം പരി​ഹരി​ക്കാനുള്ള ബോർഡ്

കൊല്ലം: ബസുകൾ തോന്നി​യ പോലെ സർവീസ് നടത്തുമ്പോൾ വലയുന്ന യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട മോട്ടോർ വാഹന വകുപ്പിന്റെ ആർ.ടി.എ ബോർഡ് യോഗം ജില്ലയിൽ ചേരുന്നില്ല. മൂന്ന് മാസത്തിലൊരിക്കൽ ചേരേണ്ട ജില്ലാ ആർ.ടി.എ യോഗം കൊല്ലത്ത് ചേർന്നിട്ട് ഒന്നരക്കൊല്ലം പിന്നിടുന്നു.

സ്വകാര്യ ബസുകളുടെ പെർമിറ്റ് പരിഷ്കരണം, പുതിയ റൂട്ട് നിശ്ചയിക്കൽ, പെർമിറ്റ് റദ്ദാക്കൽ, പുതിയത് അനുവദിക്കൽ എന്നിവയെല്ലാം പരിഗണിക്കുന്നത് ആർ.ടി.എ ബോർഡ് യോഗത്തിലാണ്. സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം ആർ.ടി.എ ബോർഡ് യോഗം നേരിട്ടു കേൾക്കും. തുടർന്ന് നിയമവശങ്ങൾ കൂടി പരിശോധിച്ച് തീരുമാനമെടുക്കും. ലാഭകരമല്ലാത്ത പല റൂട്ടുകളും ഒഴിവാക്കാൻ സ്വകാര്യ ബസ് ഉടമകൾ അപേക്ഷ നൽകാറുണ്ട്. പൊതുജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയും ചില ഉടമകൾ റൂട്ട് പെർമിറ്റ് പരിഷ്കരണം ആവശ്യപ്പെടാറുണ്ട്. ഗതാഗത പ്രതിസന്ധിക്ക് പരിഹാരം തേടി ജനങ്ങളും അപേക്ഷ നൽകാറുണ്ട്.

കളക്ടറാണ് ജില്ലാ ആർ.ടി.എ ബോർഡിന്റെ ചെയർമാൻ. കൺവീനറായ ആർ.ടി.ഒയാണ് യോഗം വിളിച്ചുചേർക്കേണ്ടത്. ബോർഡ് യോഗം പരിഗണിക്കേണ്ട അജണ്ടകളുടെ എണ്ണം മുന്നൂറ് പിന്നിട്ടു.

ഉദ്യോഗസ്ഥർക്ക് ചെറി​യ പേടി​!

പഴക്കമുള്ള ബസ് കാട്ടി പെർമിറ്റ് വാങ്ങിയ ശേഷം വൻതുകയ്ക്ക് പെർമിറ്റ് വിൽക്കുന്ന ലോബി ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം അപേക്ഷകളിൽ അനുകൂല തീരുമാനമെടുത്താൽ ഗുരുതരമായ ആരോപണങ്ങൾ നേരിടേണ്ടി വരും. ആർ.ടി.ഒ കസേര വളരെ ചുരുങ്ങിയ കാലമേ ഉദ്യോഗസ്ഥർക്ക് ലഭിക്കാറുള്ളു. ഈ സമയത്തിനിടയിൽ അനാവശ്യ ആരോപണങ്ങൾ ഒഴിവാക്കാൻ കൂടിയാണ് ഉദ്യോഗസ്ഥർ ആർ.ടി.എ ബോർഡ് യോഗത്തിൽ നിന്നും തലയൂരുന്നത്. പെട്ടെന്ന് സ്ഥലമാറ്റം വരുന്നതിനാൽ അജണ്ടകൾ പരിശോധിക്കാനുള്ള സമയവും ലഭിക്കാറില്ല.