'മുഖ്യമന്ത്രി എന്നോടൊപ്പം' : സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം നാളെ
തിരുവനന്തപുരം:സംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമായി സർക്കാർ തുടങ്ങിയ 'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസൺ കണക്ട് സെന്ററിന്റെ ഉദ്ഘാടനം നാളെ
മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.വൈകിട്ട് 5ന് വെള്ളയമ്പലത്തെ സിറ്റിസൺ കണക്ട് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ.കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി ഗണേഷ്‌കുമാർ, വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവർ മുഖ്യാതിഥികളാവും. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതം ആശംസിക്കും. ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒ യുമായ ഡോ കെ എം എബ്രഹാം ആമുഖ പ്രഭാഷണം നടത്തും. ഡോ ശശി തരൂർ, മേയർ ആര്യ രാജേന്ദ്രൻ, വി കെ പ്രശാന്ത് എംഎൽഎ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
വെള്ളയമ്പലത്ത് എയർ ഇന്ത്യയിൽ നിന്ന് സർക്കാർ ഏറ്റെടുത്ത കെട്ടിടത്തിലാണ് സിറ്റിസൺ കണക്ട് പ്രവർത്തിക്കുക.ഇതിലേക്ക് ടി.ജയൻ, ബിന്ദുപരമേശ്വരൻ എന്നീ കെ.എ.എസ് ഉദ്യോഗസ്ഥരേയും ,വിവിധ വകുപ്പുകളിൽ നിന്ന് 40 ജീവനക്കാരെയും നിയോഗിച്ച്
സർക്കാർ ഉത്തരവിറക്കി. മേൽനോട്ട ചുമതല ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിനാണ്. കിഫ്ബിയാണ് അടിസ്ഥാന, സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നത്.