വേനൽ : 700 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ അനുമതി

Sunday 28 September 2025 1:33 AM IST

തിരുവനന്തപുരം:അടുത്ത വേനൽക്കാലത്തെ വൈദ്യുതി കമ്മി പരിഹരിക്കാൻ യൂണിറ്റിന് 9.50 രൂപ വരെ നൽകി വൈദ്യുതി വാങ്ങാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ കെ.എസ്.ഇ.ബിക്ക് അനുമതി നൽകി.കെ.എസ്.ഇ.ബി.യുടെ പ്രതീക്ഷിത ചെലവിലില്ലാത്ത ഇടപാടാണിത്.ഇതിന്റെ അധിക ബാദ്ധ്യത ഉപഭോക്താക്കൾ പേറേണ്ടി വരും.

ഇത് കണക്കിലെടുത്ത് യാഥാർത്ഥ്യബോധത്തോടെ വൈദ്യുതിയുടെ കമ്മി കണക്കാക്കാനും ഹ്രസ്വകാല കരാറുണ്ടാക്കാനും കമ്മിഷൻ നിർദ്ദേശിച്ചെങ്കിലും സമയം വൈകിയാൽ വൈദ്യുതി കിട്ടാനില്ലാത്ത സാഹചര്യമുണ്ടാകും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വൈദ്യുതി പ്രതിസന്ധി അനുവദിക്കാനാവില്ലെന്ന് കെ.എസ്.ഇ.ബി.മുന്നറിയിപ്പ് നൽകി. സോളാർ വൈദ്യുതിയുടെ പ്രതിദിന ലഭ്യത, മിച്ചവൈദ്യുതി കൂടിയ നിരക്കിൽ പുറമെ വിൽപന നടത്തിയും അധിക സാമ്പത്തിക ബാദ്ധ്യത കുറയ്ക്കണമെന്നും ഇക്കാര്യം അപ്പപ്പോൾ കമ്മിഷനെ അറിയിക്കണമെന്നുമുള്ള വ്യവസ്ഥകളോടെയാണ് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കമ്മിഷൻ അനുമതി നൽകിയത്. ഏപ്രിലിൽ 700മെഗാവാട്ടും മേയിൽ 450മെഗാവാട്ടും വൈദ്യുതി വാങ്ങാനാണ് അനുമതി. ജിൻഡാൽ,ടാറ്റാ പവർ തുടങ്ങിയ കമ്പനികളിൽ നിന്നാണ് വൈദ്യുതി വാങ്ങുക.