അച്ഛന്റെ പകർപ്പായി മാറിയ മകൾ

Sunday 28 September 2025 1:43 AM IST

തിരുവനന്തപുരം : പെൺകുട്ടികൾ അച്ഛന്റെയോ ഭർത്താവിന്റെയോ മേൽവിലാസത്തിലല്ല അറിയപ്പെടേണ്ടതെന്ന ഇ.എം.എസിന്റെ കാഴ്ചപ്പാട് ജീവിതത്തിൽ പകർത്തിയ മകൾ.ആതുര സേവന രംഗത്തും സാമൂഹ്യ രംഗത്തും വിനയത്തിന്റെയും ലാളിത്യത്തിന്റെയും മുഖ മുദ്ര.

ജീവിതത്തിൽ ഇ.എം.എസിന്റെ പകർപ്പായി മാറിയ മകളായിരുന്നു ഇന്നലെ അന്തരിച്ച ഡോ.മാലതി ദാമോദരൻ(87).

ക്ഷമയോടെ രോഗ വിവരങ്ങൾ ചോദിച്ചറിഞ്ഞ് ,കുഞ്ഞുങ്ങളുമായെത്തുന്ന മാതാപിതാക്കളെ സാന്ത്വനിപ്പിച്ച ഡോക്ടർ. മുംബൈയിലും ഹൈദരാബാദിലും വെല്ലൂരിലും തിരുവനന്തപുരത്തും ജോലി ചെയ്ത ഡോ.മാലതി ജനകീയാരോഗ്യ സംഘടനയായ മെഡിക്കോ ഫ്രണ്ട്സ് സർക്കിളിന്റെ പ്രവർത്തകയുമായിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ശിശുരോഗ വിദഗ്ദ്ധയായി ദീഘകാലം സേവനമനുഷ്ഠിച്ചു. വിരമിച്ച ശേഷം ശാസ്തമംഗലത്ത് ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിലെത്തിയ ഡോ.മാലതി, തലസ്ഥാനവാസികളുടെ വിശ്വാസവും സ്നേഹവും ആർജ്ജിച്ചു.

ഇ.എം.എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിക്കെയാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ മാലതി എം.ബി.ബി.എസിന് ചേർന്നത്.മുഖ്യമന്ത്രിയുടെ മകളോട് സഹപാഠികൾക്ക് ചോദിക്കാൻ വിശേഷങ്ങളേറെയായിരുന്നു. വീട്ടിൽ എത്ര ജോലിക്കാരുണ്ട്, എത്ര കാറുണ്ട് എന്നൊക്കെ.സ്വന്തമായി കാറില്ലെന്നും അമ്മയ്ക്ക് സഹായിയായി ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പറഞ്ഞപ്പോൾ സഹപാഠികൾക്ക് വിസ്മയം. മാലതിയെ കാണാൻ ഇ.എം.എസ് കോളേജിലെത്തിയപ്പോൾ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും യോഗത്തിൽ പ്രസംഗിച്ചു.സ്വതന്ത്ര മനുഷ്യനെന്ന നിലയിൽ വെല്ലൂരിൽ ആദ്യ സന്ദർശനമാണെന്നും, സെൻട്രൽ ജയിലിലെ തടവുകാരനെന്ന നിലയിൽ നിരവധി തവണ വെല്ലൂരിലുണ്ടായിരുന്നുവെന്നുമുള്ള ഇ.എം.എസിന്റെ വാക്കുകൾ കൗതുകമുണർത്തി. .കുടമാളൂരിലായിരുന്നു മാലതിയുടെ സ്‌കൂൾ വിദ്യാഭ്യാസം. ചെന്നൈയിൽ ഇന്റർമീഡിയറ്റും , വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും എം.ഡിയും പൂർത്തിയാക്കി.

ആദർശത്തിൽ

അടിയുറച്ച്

ചിക്കൻപോക്സ് ബാധിച്ച ഇ.എം.എസിനെ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ തലേന്നാളായിരുന്നു ഭാര്യ ആര്യാ അന്തർജനം മറ്റൊരു കുഞ്ഞിനെ പ്രസവിച്ചത്. അന്ന് എട്ടു വയസു കാരിയായിരുന്ന മാലതിയായിരുന്ന അമ്മയെയും കുഞ്ഞിനെയും പരിചരിച്ചത്.

അച്ഛന്റെ ആശയാദർശങ്ങളിൽ സഞ്ചരിച്ച മകൾക്ക് വിവാഹ സമ്മാനമായി 'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന താൻ എഴുതിയ പുസ്തകമാണ് ഇ.എം.എസ് നൽകിയത്. തപോവനം ഉപേക്ഷിച്ച് പോകുന്ന ശകുന്തളയെ കണ്ടപ്പോൾ കണ്വ മഹർഷിക്കുണ്ടായ

മനോവ്യഥയായിരുന്നു പുസ്തകത്തിന്റെ ആദ്യ പേജിൽ ഇ.എം.എസ് സ്വന്തം കൈപ്പടയിലെഴുതിയ വാചകത്തിന്റെ സാരാംശം.