മലയാളത്തിന്റെ ശക്തി അമ്മ ലോകത്തിനു മുന്നിൽ തെളിയിച്ചു: മന്ത്രി​ സജി ചെറിയാൻ

Sunday 28 September 2025 1:47 AM IST

കൊല്ലം: മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും ശക്തി ലോകത്തിനു മുന്നിൽ തെളിയിക്കാൻ മാതാ അമൃതാനന്ദമയിക്ക് കഴിഞ്ഞെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഐക്യരാഷ്ട്ര സഭയിൽ മാതാ അമൃതാനന്ദമയി ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചതിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ സംഘടി​പ്പി​ച്ച ചടങ്ങി​ൽ, സംസ്ഥാന സർക്കാരിന്റെ ആദരവ് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭാഷയെ വിസ്മരിക്കുന്നവർക്കുള്ള സന്ദേശമാണ് അമ്മ നൽകിയത്. ഇത് കേവലം ഒരു ആദരമല്ല സാംസ്‌കാരികമായ ഉണർവാണെന്നും മുഖ്യമന്ത്രിയുടെ ആശംസയും ആദരവും അറിയിക്കുന്നുവെന്നും മന്ത്രി​ പറഞ്ഞു. പൊന്നാട അണിയിച്ച ശേഷം മാതാ അമൃതാനന്ദമയിയെ ചേർത്തു പിടിച്ച മന്ത്രി അമ്മയുടെ നെറുകയിൽ സ്നേഹ ചുംബനം നൽകുകയും ചെയ്തു .

പുരസ്‌കാരം മലയാളഭാഷയ്ക്ക് തന്നെ സമർപ്പിക്കുന്നുവെന്ന് മറുപടി പ്രസംഗത്തിൽ മാതാ അമൃതാനന്ദമയി പറഞ്ഞു. മുൻ പി.എസ്.സി ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ, ഐ.ജി ലക്ഷ്മൺ ഗുഗുലോത്ത്, കേരള ലാ അക്കാഡമി ഡയറക്ടർ അഡ്വ. നാഗരാജ നാരായണൻ, ചലച്ചിത്രതാരം ദേവൻ, ഷാജൻ സ്‌കറിയ എന്നിവർ ഹാരാർപ്പണം നടത്തി. എം.എൽ.എമാരായ സി.ആർ. മഹേഷ്, ഉമ തോമസ് എന്നിവർ സംസാരിച്ചു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി സ്വാഗതവും സ്വാമിനി സുവിദ്യാമൃത പ്രാണ നന്ദിയും പറഞ്ഞു.