അവധിക്കാല സ്പെഷ്യൽ ട്രെയിൻ
Sunday 28 September 2025 1:51 AM IST
തിരുവനന്തപുരം:പൂജ അവധിക്കാലത്തെ യാത്രാതിരക്ക് നിയന്ത്രിക്കാൻ ഒക്ടോബർ 1ന് മംഗലാപുരത്തുനിന്ന് വൈകിട്ട് 6ന് ഷൊർണ്ണൂരിലേക്ക് സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. രാത്രി 12.30ന് ട്രെയിൻ ഷൊർണ്ണൂരിലെത്തും. കോഴിക്കോട്,കണ്ണൂർ യാത്രക്കാർക്ക് പ്രയോജനപ്പെടും.13കോച്ചുകളുണ്ടാകും. തിങ്കളാഴ്ചകളിൽ വൈകിട്ട് 5.15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന മംഗലാപുരത്തേക്കുള്ള അന്ത്യോദയ എക്സ്പ്രസിന് വർക്കലയിൽ സ്റ്റോപ്പ് അനുവദിച്ചു. ബുധനാഴ്ചകളിലാണ് ഈ ട്രെയിനിന്റെ മംഗലാപുരത്തുനിന്നുള്ള മടക്ക സർവീസ്. കർണാടകത്തിലെ ഹുബ്ളിയിൽ നിന്ന് ഞായറാഴ്ചകളിൽ വൈകിട്ട് 3.15ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയോടെ കൊല്ലത്തെത്തുന്ന പ്രതിവാര സ്പെഷ്യൽ സർവീസും ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് 5നാണ് കൊല്ലത്തുനിന്നും ഹുബ്ളിയിലേക്കുള്ള ആദ്യ സർവീസ്.