ഇ.എം.എസിന്റെ മകൾ ഡോ. മാലതി ദാമോദരൻ അന്തരിച്ചു
തിരുവനന്തപുരം:ശിശുരോഗ വിദഗ്ദ്ധയും ജനകീയ ആരോഗ്യ പ്രവർത്തകയുമായിരുന്ന ഡോ. മാലതി ദാമോദരൻ (87) അന്തരിച്ചു. മുൻ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകളാണ്.
തിരുവനന്തപുരം ശാസ്തമംഗലം മംഗലം ലെയ്നിലുളള വസതിയിൽ ഇന്നലെ പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. കുടമാളൂർ, മദ്രാസ് ക്യൂൻ മേരീസ് കോളേജ്, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. എം.ബി.ബി.എസും എം.ഡിയും നേടിയ ശേഷം വെല്ലൂർ മെഡിക്കൽ കോളേജ്, മുംബയ്, ഹൈദരാബാദ് എന്നിവിടങ്ങളിലും ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണമിഷൻ ആശുപത്രിയിലും ജോലി ചെയ്തു. ഇന്ത്യയിലെ പ്രമുഖ ജനകീയാരോഗ്യ സംഘടനയായ മെഡിക്കോ ഫ്രണ്ട്സ് സർക്കിളിന്റെ പ്രവർത്തകയായിരുന്നു. ഭർത്താവ്: പരേതനായ ഡോ.എ.ഡി.ദാമോദരൻ (സി.എസ്.ഐ.ആർ മുൻ ഡയറക്ടർ). മക്കൾ: പ്രൊഫ.സുമംഗല ദാമോദരൻ (അദ്ധ്യാപിക, ഡൽഹി യൂണിവേഴ്സിറ്റി), ഹരീഷ് ദാമോദരൻ (ഇന്ത്യൻ എക്സ്‌പ്രസ് റൂറൽ എഡിറ്റർ). മരുമകൾ: ഷീല റോസ് താബോർ. സഹോദരങ്ങൾ: ഇ.എം. രാധ, പരേതരായ ഇ.എം.ശ്രീധരൻ, ഇ.എം.ശശി.
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മുതിർന്ന നേതാവ് എസ്.രാമചന്ദ്രൻപിള്ള, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എം.വി.ജയരാജൻ, പി.കെ.ബിജു,മന്ത്രി കെ.എൻ.ബാലഗോപാൽ, മുഖ്യമന്ത്രിയുടെ ഭാര്യ കമല തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സ്പീക്കർ എ.എൻ. ഷംസീർ , മുതിർന്ന സി.പി.ഐ നേതാവ് സി.ദിവാകരൻ എന്നിവർ അനുശോചിച്ചു. കേരളകൗമുദിക്ക് വേണ്ടി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് റീത്ത് സമർപ്പിച്ചു.
ഇ.എം.എസിന്റെ പകർപ്പായി മാറിയ മകൾ
കെ.എസ്.അരവിന്ദ് പെൺകുട്ടികൾ അച്ഛന്റെയോ ഭർത്താവിന്റെയോ മേൽവിലാസത്തിലല്ല അറിയപ്പെടേണ്ടതെന്ന ഇ.എം.എസിന്റെ കാഴ്ചപ്പാട് ജീവിതത്തിൽ പകർത്തിയ മകൾ.ആതുര സേവന രംഗത്തും സാമൂഹ്യ രംഗത്തും വിനയത്തിന്റെയും ലാളിത്യത്തിന്റെയും മുഖ മുദ്ര. ജീവിതത്തിൽ ഇ.എം.എസിന്റെ പകർപ്പായി മാറിയ മകളായിരുന്നു ഇന്നലെ അന്തരിച്ച ഡോ.മാലതി ദാമോദരൻ. ക്ഷമയോടെ രോഗ വിവരങ്ങൾ ചോദിച്ചറിഞ്ഞ് ,കുഞ്ഞുങ്ങളുമായെത്തുന്ന മാതാപിതാക്കളെ സാന്ത്വനിപ്പിച്ച ഡോക്ടർ. മുംബൈയിലും ഹൈദരാബാദിലും വെല്ലൂരിലും തിരുവനന്തപുരത്തും ജോലി ചെയ്ത മാലതി ജനകീയാരോഗ്യ സംഘടനയായ മെഡിക്കോ ഫ്രണ്ട്സ് സർക്കിളിന്റെ പ്രവർത്തകയുമായിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ശിശുരോഗ വിദഗ്ദ്ധയായി ദീഘകാലം സേവനമനുഷ്ഠിച്ചു. വിരമിച്ച ശേഷം ശാസ്തമംഗലത്ത് ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിലെത്തിയ ഡോ.മാലതി, തലസ്ഥാനവാസികളുടെ വിശ്വാസവും സ്നേഹവും ആർജ്ജിച്ചു.