'ഇരട്ടി ചാർജ് നൽകാൻ യാത്രക്കാർ തയ്യാറാകുന്നില്ല'; പണിമുടക്കുമായി ഗുരുവായൂരിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ

Sunday 28 September 2025 7:49 AM IST

തൃശൂർ: ഗുരുവായൂർ ക്ഷേത്ര നഗരിയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ പണിമുടക്കിൽ ബുദ്ധിമുട്ടി ഭക്തജനങ്ങൾ. പൊലീസ് നടപ്പിലാക്കിയ ഗതാഗത പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതുവരെ സമരം ശക്തമാക്കുമെന്ന തീരുമാനത്തിലാണ് തൊഴിലാളികള്‍. ഇന്നലെ അർദ്ധരാത്രി മുതലാണ് സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.

ക്ഷേത്രനഗരിയിലെ ഓട്ടോറിക്ഷ സ്റ്റാൻഡുകളെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. മറ്റു സ്ഥലങ്ങളില്‍ നിന്നെത്തിയ ഓട്ടോറിക്ഷകള്‍ യാത്രക്കാരെ ഇറക്കിയ ശേഷം തിരിച്ചുവിട്ടു. നഗരത്തിന്റെ മുക്കിലും മൂലയിലും നിലയുറപ്പിച്ച സമരക്കാര്‍ മറ്റു സ്ഥലങ്ങളിൽ നിന്നുള്ള ഓട്ടോറിക്ഷകളിൽ യാത്രക്കാരെ കയറ്റാന്‍ അനുവദിച്ചില്ല. ഭക്തർക്ക് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് അടുത്തുളള ക്ഷേത്രങ്ങളിലേക്കും നടന്നുപോകേണ്ട അവസ്ഥയായി. വണ്‍വേയിൽ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കുന്നതുവരെ സമരം തുടരുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ക്ഷേത്രത്തിലേക്ക് മിനിമം ചാര്‍ജാണ് ഈടാക്കുന്നത്. എന്നാല്‍ വണ്‍വേ പാലിക്കുമ്പോള്‍ ഇരട്ടി ചാര്‍ജ് നല്‍കാന്‍ യാത്രക്കാര്‍ തയാറാകുന്നില്ലെന്നും സമരക്കാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പ്രശ്‌നങ്ങള്‍ ട്രാഫിക് റെഗുലേറ്ററി അതോറിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്ന് പൊലീസ് അറിയിച്ചു.