അയൽപ്പോര്

Sunday 28 September 2025 8:10 AM IST

ദുബായ്: ഇന്ത്യയും പാകിസ്ഥാനും ഇടയിലുള്ള സംഘർഷം കളിക്കളത്തിലേക്കും വ്യാപിച്ച ഏഷ്യാ കപ്പിന്റെ ഫൈനൽ പോരാട്ടം ഇരുടീമുകൾക്കും അഭിമാന പ്രശ്നമായി മാറിയിരിക്കുകയാണ്. അതിനാൽ തന്നെ ഇന്ന് നടക്കുന്ന ഫൈനലിൽ ഇരുടീമും കിരീടത്തിനായി ജീവന്മരണ പോരാട്ടം നടത്തും.

ഇത്തവണ ഏഷ്യാ കപ്പിൽ മുഖാമുഖം വന്ന മത്സരങ്ങളിൽ ഇരുടീമും ഹസ്തദാനം നടത്തിയില്ല. ഇന്ത്യൻ താരങ്ങൾ ഹസ്താദാനത്തിന് വിസമ്മതിച്ചതിനെതിരെ പാകിസ്ഥാൻ വലിയ പ്രശ്നങ്ങളുണ്ടാക്കിയെങ്കിലും കാര്യമുണ്ടായില്ല. ഇതിന്റെ തുടർച്ചയെന്നോണം ഫൈനലിന്റെ തലേന്ന് നടക്കേണ്ടിയിരുന്ന ഫോട്ടോഷൂട്ടിൽ നിന്നും ഇന്നലെ ഇന്ത്യ പിന്മാറി.

ടൂർണമെന്റിൽ ഇത്തവണ ഒരു മത്സരത്തിൽ പോലും തോൽക്കാതെയാണ് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ഫൈനലിൽ എത്തിയത്. മറുവശത്ത് പാകിസ്ഥാൻ ഇത്തവണ ഇന്ത്യയോട് മാത്രമേ തോറ്റിട്ടുള്ളൂ,

ഇന്ത്യ തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യം വയ്‌ക്കുമ്പോൾ പാകിസ്ഥാൻ 13 വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ കിരീടമാണ് ഉന്നം വയ്ക്കുന്നത്. 2012ലാണ് പാകിസ്ഥാൻ അവസാനമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാരായത്.

ഫൈനൽ അഭിഷേകം

വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമ്മയാണ് ടൂർണമെന്റിൽ ഇന്ത്യയുടെ തുറുപ്പു ചീട്ട്. പല മുത്സരങ്ങളിലും അഭിഷേക് നൽകിയ വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയുടെ വിജയത്തിലേക്കുള്ള വഴിയായത്.6 ഇന്നിംഗ്‌സുകളിൽ നിന്നായി 3 അർദ്ധസെഞ്ച്വറി ഉൾപ്പെടെ 309 റൺസാണ് അഭിഷേക് ടൂർണമെന്റിൽ അടിച്ചു കൂട്ടിയത്. എന്നാൽ മറ്റ് ബാറ്റർമാർക്ക് ഇതുവരെ യഥാർത്ഥ മികവിലേക്ക് ഉയരാനായില്ലെന്നതാണ് സത്യം. അതിനാൽ തന്നെ ഫൈനലിലും അഭിഷേകിന്റെ പ്രകടനം നിർണായകമാകും, സൂപ്പർ സഫോറിൽ പാകിസ്ഥാനതിരെ അഭിഷേക് അർദ്ധ സെഞ്ച്വറി നേടിയിരുന്നു. ബൗളിംഗ് യൂണിറ്റ് ഭേദപ്പെട്ട പ്രകടനം നടത്തുന്നത് ഇന്ത്യയ്‌ക്ക് പ്ലസ് പോയിന്റാണ്.

അഫ്രീദി ഫാക്‌ടർ

ബോളുകൊണ്ട് മാത്രമാല്ല ബാറ്റുകൊണ്ടും ടൂർണമെന്റിൽ തിളങ്ങിയ ഷഹീൻ അഫ്രീദിയാണ് പാകിസ്ഥാന്റെ എക്‌സ് ഫാക്ടർ. ടൂർണമെന്റിൽ ഇതുവരെ അഫ്രീദി 9 വിക്കറ്റും 83 റൺസും നേടിയിട്ടുണ്ട്.

സാധ്യതാ ടീം

ഇന്ത്യ-അഭിഷേക്, ഗിൽ,സൂര്യകുമാർ,തിലക്, സഞ്ജു സാംസൺ,ദുബെ,ഹാർദിക്,അക്ഷർ,കുൽദീപ്,വരുൺ,ബുംറ.

പാകിസ്ഥാൻ-ഫർഹാൻ, ഫഖർ സമാൻ,സൽമാൻഅലി ആഗ,സയിം അയൂബ്, തലാത്,മുഹമ്മദ് ഹാരിസ്, ഷഹീൻ അഫ്രീദി,മുഹമ്മദ് നവാസ്,ഫഹീം അഷ്‌റഫ്, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.

ഇത്തവണത്തെ ടോപ് 5 ബാറ്റർമാർ

അഭിഷേക് ശ‌ർമ്മ (ഇന്ത്യ) -309

പതും നിസ്സാങ്ക (ശ്രീലങ്ക) -261

സയിഫ് ഹസ്സൻ (ബംഗ്ലാദേശ്) -178

ഷിബ്‌സദ ഫർഹാൻ (പാകിസ്ഥാൻ) - 160

കുശാൽ പെരേര (ശ്രീലങ്ക)-146

ടോപ് 5 ബൗളേഴ്‌സ്

കുൽദീപ് യാദവ് (ഇന്ത്യ) -13

ജുനൈദി സിദ്ധിഖി (യു.എ.ഇ) -9

ഷഹീൻ അഫ്രീദി (പാകിസ്ഥാൻ)-9

മുസ്തഫിസുർ റഹ്‌മാൻ (ബംഗ്ലാദേശ് ) -9

ഹാരിസ് റൗഫ് (പാകിസ്ഥാൻ)-9

നേർക്കുനേർ പോരിൽ ഇന്ത്യ

അവസാനം കളിച്ച 5 മത്സരങ്ങിൽ നാലിലും ഇന്ത്യയ്ക്ക് ജയം. പാകിസ്ഥാൻ അവസാനമായി ഇന്ത്യയ്‌ക്കെതിരെ ജയിച്ചത് 2022 സെപ്‌തംബറിൽ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിലാണ്.

ഫൈനലിൽ പാക് മുൻതൂക്കം

മേജർ ഫൈനലുകളിൽഇതുവരെ 5 തവണ ഇരുടീമും മുഖാമുഖം വന്നിട്ടുണ്ട്. ഇതിൽ പാകിസ്ഥാൻ മൂന്ന് തവണ ജയിച്ചു. ഇന്ത്യ രണ്ട് തവണയും. 2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലാണ് ഇരുടീമും ഒടുവിൽ നേർക്കുനേർ വന്നത്. അന്ന് പാകിസ്ഥാനായിരുന്നു ജയം. 2007ലെ ട്വന്റി-20 ലോകകപ്പിലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനെതിരെ ജയിച്ചത്.

1- ഏഷ്യാകപ്പിൽആദ്യമായാണ് ഇരുടീമും ഫൈനലിൽ ഏറ്റുമുട്ടുന്നത്.

ഏഷ്യാ കപ്പ് ചാമ്പ്യൻമാർ ഇതുവരെ

(വർഷം, ഫോർമാറ്റ്, ചാമ്പ്യന്മാർ എന്ന ക്രമത്തിൽ)

1984 (ഏകദിനം) -ഇന്ത്യ

1986 (ഏകദിനം) -ശ്രീലങ്ക

1988 (ഏകദിനം)-ഇന്ത്യ

1990/91 (ഏകദിനം)-ഇന്ത്യ

1995 (ഏകദിനം)-ഇന്ത്യ

1997 (ഏകദിനം)-ശ്രീലങ്ക

2000 (ഏകദിനം)-പാകിസ്ഥാൻ

2004 (ഏകദിനം) - ശ്രീലങ്ക

2008 (ഏകദിനം)- ശ്രീലങ്ക

2010 (ഏകദിനം)-ഇന്ത്യ

2012 (ഏകദിനം)-പാകിസ്ഥാൻ

2014 (ഏകദിനം)-ശ്രീലങ്ക

2016 (ട്വന്റി-20)-ഇന്ത്യ

2018 (ഏകദിനം)-ഇന്ത്യ

2022 (ട്വന്റി-20) -ശ്രീലങ്ക

2023 (ഏകദിനം)-ഇന്ത്യ

7- തവണ കിരീടം നേടിയ ഇന്ത്യയാണ് ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻമാരായ ടീം

2- പാകിസ്ഥാൻ രണ്ട് തവണ ചാമ്പ്യൻമാരായിട്ടുണ്ട്.