സൂപ്പർ ശൈലേഷ്
ന്യൂഡൽലി: ലോക പാരാഅത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം പൊൻ തിളക്കിത്തിൽ മിന്നിത്തിളങ്ങി ഇന്ത്യയുടെ ശൈലേഷ് കുമാർ. പുരുഷൻമാരുടെ ടി 63 ഹൈജമ്പിലാണ് ശൈലേഷ് കുമാർ പൊന്നണിഞ്ഞത്. ഇന്ത്യയുടെ തന്നെ വരുൺ ഭാട്ടി ഈ ഇനത്തിൽ വെങ്കലം നേടി. 1.91 മീറ്റർ ക്ലിയർ ചെയ്ത ശൈലേഷ് ടി 42 വിഭാഗത്തിലെ മീറ്റ് റെക്കാഡും കുറിച്ചു. വരുൺ ഭാട്ടി 1.85 മീറ്ററാണ് ക്ലിയർ ചെയ്തത്.
വനിതകളുടെ ടി20 400 മീറ്ററിൽ ഇന്ത്യയുടെ ദീപ്‌തി ജീവൻജി വെള്ളിനേടി. 55.16 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ദീപ്തിയുടെ വെള്ളിനേട്ടം.
പാകിസ്ഥാൻ പിന്മാറി
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം വേദിയാകുന്നു ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നിന്ന് പാകിസ്ഥാൻ പിന്മാറി. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷവും താരങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് പിന്മാറ്റം എന്ന് പാക്അധികൃതർ അറിയിച്ചു.
ഹാരി കേനിന് റെക്കാഡ്
മ്യൂണിക്ക്: ഗോളടിയിൽ സാക്ഷാൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ റെക്കാഡ് തകർത്ത ബയേൺ മ്യൂണിക്കിന്റെ ഹാരി കേൻ. യൂറോപ്പിലെ പ്രധാന ലീഗുകളിൽ ഒരു ക്ലബിനായി ഏറ്റവും വേഗത്തിൽ 100 ഗോൾ തികച്ച താരമെന്ന റെക്കാഡാണ് കേൻ റൊണാൾഡോയെ മറികടന്ന് സ്വന്തമാക്കിയത്. ബുണ്ടസ് ലിഗയിൽ വെണ്ടർ ബ്രെമനമെതിരെ ബയേൺ മ്യൂണിക്ക് 4-0ത്തിന് ജയിച്ച മത്സരത്തിൽ 2 ഗോളുകൾ നേടിയാണ് കേൻ ബയേണിനായി നൂറ് ഗോൾ തികച്ചത്. 104 മത്സരങ്ങളിൽ നിന്നാണ് കേൻ 100 ഗോൾ ബയേണിനായി കണ്ടെത്തിയത്. റയൽ മാഡ്രിഡിനായി 105 മത്സരങ്ങളിൽ നിന്ന് 100 ഗോളുകൾ നേടി റൊണാൾഡോ സ്ഥാപിച്ച റെക്കാഡാണ് കേൻ പഴങ്കഥയാക്കിയത്.
ചെൽസിക്കും യുണൈറ്റഡിനും തോൽവി
ലണ്ടൻ:ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ചെൽസി 1-3ന് ബ്രൈറ്റണോടും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതേ സ്കോറിന് ബ്രെന്റ്ഫോർഡിനോടും തോറ്റു. അതേസമയം മാഞ്ചസ്റ്റർ സിറ്റി 5-1ന് ബേൺലിയെ കീഴടക്കി.