ഉണർവും ഉന്മേഷവും മാത്രമല്ല; ദിവസവും പ്രിയ പാനീയം കുടിച്ചാൽ ആത്മഹത്യാപ്രവണത കൂടുമെന്ന് പഠനം
ദിവസവും ചായ കുടിക്കാത്തവരായി ആരെങ്കിലുമുണ്ടോ? പലരുടെയും ഒരു ദിവസം ആരംഭിക്കുന്നത് ചൂട് ചായ കുടിച്ചുകൊണ്ടായിരിക്കും. ഉണർവിനും ഉന്മേഷത്തിനുമാണ് മിക്കവരും ചായ തിരഞ്ഞെടുക്കുന്നത്. എന്നാൽ ചായയുടെ ചില ദോഷവശങ്ങൾ പരാമർശിച്ചുകൊണ്ടുളള ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയായിരിക്കുകയാണ്. ദിവസവും പാൽ ചായ കുടിക്കുന്നത് ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാകുമെന്നാണ് പോസ്റ്റിൽ പരാമർശിക്കുന്നത്.
ചായ കുടിക്കുന്നത് മാനസികരോഗങ്ങൾക്കും കാരണമാകുമെന്നും പോസ്റ്റിലുണ്ട്. ചായ എങ്ങനെയാണ് ഒരു മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നതെന്ന് മനസിലാക്കാൻ പല സർവകലാശാലയിലെ ഗവേഷകരും പഠനം നടത്തിയിരുന്നു. സിംഗ്ഹുവ സർവകലാശാലയിലെയും സെൻട്രൽ യൂണിവേഴ്സിറ്റി ഒഫ് ഫിനാൻസ് ആൻഡ് ഇക്കണോമിക്സിലെയും ഗവേഷകരുടെ സംഘം ബീജിംഗിലെ 5,281 വിദ്യാർത്ഥികളിൽ സർവേ നടത്തി. ജേണൽ ഒഫ് അഫക്ടീവ് ഡിസോർഡേഴ്സിൽ ഇതുമായി ബന്ധപ്പെട്ട് കണ്ടെത്തലുകളും പ്രസിദ്ധീകരിക്കുകയുണ്ടായി.
ചായ അമിതമായി കുടിക്കുന്നവരിൽ കടുത്ത മാനസിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് സർവേയിൽ സൂചിപ്പിക്കുന്നത്. സർവേയിൽ പങ്കെടുത്ത 77 ശതമാനം വിദ്യാർത്ഥികളും ആറ് മുതൽ 11 കപ്പ് ചായ വരെ കുടിക്കും. ഇത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ ഏകാന്തതയും ആത്മഹത്യാ പ്രവണത വർദ്ധിക്കാനും കാരണമാകും. എന്നാൽ ഇൻസ്റ്റഗ്രാം പോസ്റ്റിന് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചായ കുടിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണെന്നാണ് ഒരാൾ കമന്റ് ചെയ്തത്. കുടുംബത്തോടൊപ്പം ചായ കുടിക്കുമ്പോൾ എന്ത് വിഷാദമാണ് ഉണ്ടാകുന്നതെന്ന് മറ്റൊരാൾ ചോദിച്ചു. ചായ കിട്ടിയില്ലെങ്കിലാണ് വിഷാദവും ഉത്കണ്ഠയും ഉണ്ടാകുന്നത്. എന്ത് സംഭവിച്ചാലും ഇല്ലെങ്കിലും നമ്മൾ ചായ കുടിക്കും എന്നീ തരത്തിലുളള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.