നിരത്തിലിറങ്ങുന്നവരുടെ കാഴ്‌ചയെ ബാധിക്കും; പ്രവാസികൾക്കടക്കം മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎഇ
അബുദാബി: ലക്ഷക്കണക്കിന് ഇന്ത്യക്കാർ തൊഴിൽ ചെയ്യുന്ന ഗൾഫ് രാജ്യമാണ് യുഎഇ. ഇവരിൽ പലരും കുടുംബമായാണ് യുഎഇയിൽ താമസിക്കുന്നത്. അനേകം ഇന്ത്യൻ പ്രവാസികളുടെ മക്കൾ ഇവിടെ പഠനം നടത്തുകയും ചെയ്യുന്നു. ഇപ്പോഴിതാ ഇന്ത്യൻ പ്രവാസികളെയടക്കം ബാധിക്കുന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് യുഎഇ. യുഎഇയുടെ പല ഭാഗങ്ങളിലും റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിരിക്കുകയാണ് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം. മൂടൽമഞ്ഞ് കാരണം കാഴ്‌ചമങ്ങൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് അലർട്ടുകൾ പ്രഖ്യാപിച്ചത്.
നിരത്തിലിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസും മുന്നറിയിപ്പ് നൽകി. വേഗത മുന്നറിയിപ്പുകൾ മാത്രം പാലിച്ച് വാഹനമോടിക്കണമെന്നും പൊലീസ് നിർദേശിച്ചു. കടുത്ത വേനൽകാലം മാറി രാജ്യത്ത് തണുപ്പുള്ള അന്തരീക്ഷം ആരംഭിച്ചിരിക്കുകയാണ്. ഈയാഴ്ചയോടെ ശരത്‌കാലത്തിനും തുടക്കമാവും.
ഇന്ന് അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. അബുദാബി, ദുബായ് പോലുള്ള പ്രധാന നഗരങ്ങളിൽ 40 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നത്തെ താപനില അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ യുഎഇയിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില 44.9 ഡിഗ്രി സെൽഷ്യസ് ആണ്. വരുംദിവസങ്ങളിൽ തണുത്ത കാലാവസ്ഥ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ വിദഗ്ദ്ധർ അറിയിച്ചു. ഇന്ന് രാത്രിയും നാളെ രാവിലെയും തീരപ്രദേശങ്ങളിൽ ഉൾപ്പെടെ ഈർപ്പമുള്ള അന്തരീക്ഷമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനിടയുണ്ട്. കടൽ ശാന്തമായിരിക്കുമെന്നും അറിയിപ്പുണ്ട്.