എനിക്ക് പറ്റിയ മണ്ടത്തരം, എന്റെ അവസ്ഥ ഉണ്ടാകാതിരിക്കാൻ ചെയ്യേണ്ടത്; ലോട്ടറിയെടുക്കുന്നവരോട് 25 കോടി അടിച്ച അനൂപിന് പറയാനുള്ളത്
ഇന്നലെയായിരുന്നു കേരള ലോട്ടറിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ ഇത് ഒക്ടോബർ നാലിലേക്ക് നീട്ടിവച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ ടിക്കറ്റ് വില്പന തടസപ്പെട്ടതും ജിഎസ്ടിയിലുണ്ടായ മാറ്റവും കണക്കിലെടുത്താണിത്. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും.
ആരൊക്കെയാകും ഭാഗ്യവാന്മാർ എന്ന ആകാംക്ഷയിലാണ് ഏവരും. ഈ സാഹചര്യത്തിൽ 2022ലെ ഓണം ബമ്പർ അടിച്ച അനൂപിന് പുതിയ ഭാഗ്യശാലിയോട് ചില കാര്യങ്ങൾ പറയാനുണ്ട്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനൂപ്.
'എത്ര പൈസ അടിച്ചാലും ആറ് മാസം ആരോടും പറയാതിരിക്കുക. വേറൊന്നുംകൊണ്ടല്ല, എനിക്കുണ്ടായ അനുഭവമാണ് ഞാൻ പറയുന്നത്. പണം എല്ലാവർക്കും ആവശ്യമുള്ളതാണ്. നമ്മളോട് ചോദിക്കുമ്പോൾ കൊടുക്കാൻ പറ്റാത്ത അവസ്ഥയാകും. ബന്ധങ്ങൾ തകരാൻ വലിയ സമയം വേണ്ട. പൈസയുടെ രീതിയിൽ പല പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. ടാക്സിന്റെ കാര്യം പലർക്കും അറിയില്ല. ക്യാഷ് ഉള്ളവരുടെ കൈയിലേക്കാണ് വരുന്നതെങ്കിൽ അവർക്ക് ഒരു ധാരണ കാണും. അല്ലാത്തവർക്ക് അതുണ്ടാകില്ല. ആറ് മാസം ക്യാഷ് തൊടാതിരിക്കുക. ആരോടും പറയാതിരിക്കുക.
25 കോടി ആദ്യം കൊണ്ടുവന്നപ്പോൾ എനിക്കാണ് അടിച്ചത്. അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ച് വലുതായൊന്നും അറിയില്ലായിരുന്നു. എനിക്ക് മനസിലായതെന്നുവച്ചാൽ അടിച്ചുകഴിഞ്ഞാൽ ആരോടും പറയരുത്. നമ്മുടെ വീട്ടിൽ ധാരാളം ആളുകൾ വരും. എനിക്ക് രണ്ടുമൂന്നു മാസം വരെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റിയിരുന്നില്ല. കൊച്ചിനെയും കൊണ്ട് ആശുപത്രിയിൽ പോകാൻ പോലും പറ്റിയില്ല. ആ അവസ്ഥ നിങ്ങൾക്ക് ഉണ്ടാകാതിരിക്കണമെങ്കിൽ പരമാവധി ആരോടും പറയാതിരിക്കുക. ലോട്ടറി അടിച്ചയുടൻ ഒന്നുകിൽ ബാങ്കിൽ അല്ലെങ്കിൽ ലോട്ടറി ഓഫീസിൽ കൊടുക്കുക. ടാക്സും കാര്യങ്ങളെല്ലാം കഴിഞ്ഞ് പണം കൈയിൽ വന്നശേഷം മാത്രം പറയുക. പുറത്ത് എന്തായാലും പറയണം. അല്ലെങ്കിൽ ആ പണം കൊണ്ട് എന്തെങ്കിലും ചെയ്യുമ്പോൾ ആളുകൾ കള്ളപ്പണമാണെന്നൊക്കെ പറയും. ഞാൻ ഡയറക്ടായി ബാങ്കിലാണ് കൊടുത്തത്. ഒരു മാസം കൊണ്ട് കാശ് കിട്ടി. ലോട്ടറി ഓഫീസിലാണ് കൊടുക്കുന്നതെങ്കിൽ കുറച്ചുകൂടി നേരത്തെ കാശ് കിട്ടും. അത് എനിക്ക് അറിയില്ലായിരുന്നു. ലോട്ടറി ഡിപ്പാർട്ട്‌മെന്റിന്റെ ക്ലാസിൽ പങ്കെടുക്കുന്നത് നല്ലതാണ്. ഓരോ സ്‌കീമും കാര്യങ്ങളും ടാക്സിനെക്കുറിച്ചൊക്കെ പറഞ്ഞുതരും. പലരും പറയുന്നുണ്ട് ലോട്ടറി പൈസ നശിച്ച പൈസയാണ് കൈയിൽ നിൽക്കില്ലെന്ന്. പലരും പലതും പറയും. നമുക്കൊരുു അഞ്ച് രൂപ കിട്ടിയാലും,, ആഡംബരം കാണിക്കാതെ ബുദ്ധി ഉപയോഗിച്ച് ഇരട്ടിപ്പിക്കുക. ഞാൻ രണ്ട് വർഷം ആ പൈസ തൊട്ടിട്ടില്ല. എനിക്ക് സിനിമയിൽ അഭിനയിക്കാൻ ചാൻസ് കിട്ടുമായിരുന്നു. സിനിമ എടുക്കാമായിരുന്നു. അങ്ങനെ പല ജോലികൾ വന്നു. ഞാൻ ഒന്നും ചെയ്തില്ല. ആ പൈസ ഫിക്സഡായി ഇട്ട് അതിന്റെ പലിശ കൊണ്ടേ ചെയ്തിട്ടുള്ളൂ. ബമ്പറടിച്ച സമയത്ത് സന്തോഷമുണ്ടായിരുന്നു. അത് ഞാൻ എല്ലാവരെയും വിളിച്ചറിയിച്ചു. അതെനിക്ക് വലിയ മണ്ടത്തരമായിപ്പോയി. ആരെ കൈയിലാണോ പൈസ ഉള്ളത് അവരോട് ആളുകൾ ചോദിക്കും. പക്ഷേ നമുക്ക് കൊടുക്കാൻ പറ്റണമെന്നില്ല. എന്റേതായ കുറേ പരിമിതകളുണ്ടായിരുന്നു. അതുകൊണ്ട് പ്രശ്നങ്ങളുണ്ടായി. ചോദിച്ചുവരുമ്പോൾ കൊടുത്തില്ലെങ്കിലു പ്രശ്നമാണ്.'- അനൂപ് പറഞ്ഞു.