ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, കഥകളി ചുട്ടി കുത്തി അരങ്ങിലെത്താൻ ഒരുങ്ങി സാബ്രിയെന്ന മുസ്ലീം പെൺകുട്ടി

Sunday 28 September 2025 1:07 PM IST

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിന്റെ ചരിത്രം തിരുത്തി ചുട്ടികുത്തി അരങ്ങിലെത്താൻ സാബ്രി എന്ന മുസ്ലീം പെൺകുട്ടിയും. 2023 ൽ മുസ്ലീം സമുദായത്തിൽ നിന്ന് കലാമണ്ഡലത്തിൽ കഥകളി പഠിക്കാനെത്തിയ ആദ്യ പെൺകുട്ടി എന്ന ചരിത്രം അഞ്ചൽ പനച്ചവിള 'തേജസ്' വീട്ടിൽ ഫോട്ടോഗ്രാഫർ നിസാം അമ്മാസിന്റെയും അനീസയുടെയും മകൾ സാബ്രിക്ക് സ്വന്തം.

അരങ്ങേറ്റ ദിനമായ ഒക്ടോബർ രണ്ടിന് കൂത്തമ്പലത്തിൽ 'പുറപ്പാട്' ഭാഗമാണ് സാബ്രി അവതരിപ്പിക്കുന്നത്. അഞ്ചൽ ഇടമുളക്കൽ ഗവ. ജവഹർ ഹൈസ്‌കൂളിൽനിന്ന് ഏഴാം തരം പൂർത്തിയാക്കിയാണ് കലാമണ്ഡലത്തിൽ ചേർന്നത്. അതിനുമുമ്പുതന്നെ മോഹിനിയാട്ടവും കഥകളിയും പഠിച്ചിരുന്നു. എട്ടാം ക്ലാസിൽ ആദ്യമായെത്തിയപ്പോൾ കലാമണ്ഡലം ഗോപിയാണ് സാബ്രിക്ക് ആദ്യമുദ്രകൾ പകർന്നുനൽകിയത്.

അദ്ധ്യാപകൻ കലാമണ്ഡലം അനിൽകുമാറിന്റെയും മറ്റ് ആശാന്മാരുടെയും ശിക്ഷണത്തിലായിരുന്നു തുടർന്നുള്ള പഠനം. അരങ്ങേറ്റത്തിന് കൂടെ സഹപാഠികളായ മൂന്നു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമുണ്ട്. ഏക സഹോദരൻ മുഹമ്മദ് യാസീൻ സൈബർ ഫോറൻസിക് സെക്യൂരിറ്റി വിദ്യാർത്ഥിയാണ്. 2022 മുതലാണ് പെൺകുട്ടികൾക്ക് കലാമണ്ഡലത്തിൽ കഥകളി വേഷത്തിൽ പ്രവേശനം നൽകി തുടങ്ങിയത്.

കഥകളി കാണാൻ പിതാവിനൊപ്പം

ഫോട്ടോഗ്രാഫറായ പിതാവ് നിസാമിൽ നിന്നാണ് കഥകളിയോടുള്ള ഇഷ്ടം സാബ്രിയിലുമെത്തിയത്. വീടിന് അടുത്തുള്ള അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന കഥകളിയുടെ ചിത്രങ്ങളെടുക്കാൻ നിസാമിനൊപ്പം സാബ്രി പോകുമായിരുന്നു. പുലരുവോളം നീളുന്ന കഥകളി ഉപ്പയോടൊപ്പം അവളും ഉറക്കമൊഴിച്ചിരുന്ന് കാണും. കഥകളി എന്ന ആഗ്രഹം വളർന്നതോടെ സാബ്രി കുടുംബത്തോടൊപ്പം കലാമണ്ഡലത്തിലെത്തി. കഥകളി തെക്കൻ വിഭാഗത്തിൽ പ്രവേശനവും നേടി. ചെറുപ്പം മുതലേ കഥകളിയോടും കഥകളി വേഷത്തോടും ഇഷ്ടമായിരുന്നുവെന്നും വലിയൊരു സ്വപ്നം യാഥാർഥ്യമായ സന്തോഷത്തിലാണെന്നും സാബ്രിയുടെ പിതാവ് നിസാം അമ്മാസ്

പറഞ്ഞു.