ശബരിമലയിൽ നിന്ന് കാണാതായ സ്വർണ പീഠം കണ്ടെത്തി; കിട്ടിയത് സ്‌പോൺസറുടെ ബന്ധുവീട്ടിൽ നിന്ന്

Sunday 28 September 2025 2:29 PM IST

പത്തനംതിട്ട: ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക ശിൽപ്പത്തിന്റെ ഭാഗമായ സ്വർണ പീഠം കണ്ടെത്തി. പരാതി നൽകിയ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പീഠം കണ്ടെത്തിയത്. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. സ്വർണ പീഠം സ്‌ട്രോംഗ് റൂമിലേക്ക് മാറ്റി ഹൈക്കോടതിക്ക് റിപ്പോർ‌ട്ട് നൽകും.

ശബരിമല സ്വർണപ്പാളി വിവാദത്തിനിടെയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണായക വെളിപ്പെടുത്തലുണ്ടായത്. ദ്വാരപാലക ശില്പങ്ങൾക്ക് വേറൊരു പീഠം കൂടി നിർമിച്ച് നൽകിയിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

"ശില്പങ്ങൾക്ക് രണ്ടാമതൊരു പീഠം കൂടി നിർമിച്ച് നല്‍കിയിരുന്നു. മൂന്ന് പവൻ സ്വർണം ഉപയോഗിച്ചാണ് പീഠം തയ്യാറാക്കിയത്. ആദ്യമുണ്ടായിരുന്ന പീഠങ്ങളുടെ നിറം മങ്ങിയപ്പോൾ പുതിയത് നിർമിച്ചു. എന്നാൽ അളവിൽ വ്യത്യാസം ഉണ്ടെന്ന് ദേവസ്വം അറിയിച്ചു. വഴിപാടായി നൽകിയതിനാൽ തിരികെ ചോദിച്ചില്ല. പീഠം സ്ട്രോംഗ് റൂമില്‍ ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ, പീഠം എവിടെയെന്നതില്‍ ഇപ്പോൾ വ്യക്തതയില്ല. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയപ്പോൾ പീഠത്തെക്കുറിച്ച് തിരക്കിയിരുന്നു. അതിന് മറുപടി ലഭിച്ചില്ല. വിജിലൻസ് അന്വേഷണം നടക്കട്ടെ'- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പരാതിയിൽ ദുരൂഹത

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് വിജിലൻസ് സംശയിക്കുന്നത്. വാസുദേവൻ എന്ന ജോലിക്കാരന്റെ വീട്ടിലായിരുന്നു പീഠം ആദ്യം സൂക്ഷിച്ചത്. 2021 മുതൽ ഇയാളുടെ വീട്ടിലെ സ്വീകരണമുറിയിലായിരുന്നു പീഠം ഉണ്ടായിരുന്നത്. സംഭവത്തിൽ കോടതി ഇടപെട്ടതോടെ ഇയാൾ പീഠം ഉണ്ണികൃഷ്ണൻ പോറ്റിയെ തിരികെ ഏൽപ്പിച്ചു. ഈ മാസം പതിമൂന്നിനാണ് പീഠം ഉണ്ണികൃഷ്ണൻ പോറ്റി സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയത്.