'വർഗീയ ആരോപണങ്ങൾക്ക് മറുപടി'; മുൻ ഡിജിപി ജേക്കബ് തോമസ് ഇനി മുഴുവൻ സമയ ആർഎസ്‌എസ് പ്രവർത്തകൻ
കൊച്ചി: മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്‌എസിൽ സജീവമാകുന്നു. ഒക്‌ടോബർ ഒന്നിന് ആർഎസ്‌എസിന്റെ സ്ഥാപകദിനമായ വിജയദശമി ദിനത്തിൽ കൊച്ചിയിൽ നടക്കുന്ന ആർഎസ്‌എസ് പദസഞ്ചലനത്തിൽ പങ്കെടുക്കും. ആർഎസ്‌എസിന്റെ ഗണവേഷം അണിഞ്ഞ് പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് മുഴുവൻ സമയ പ്രവർത്തകനാകുന്നത്. ആർഎസ്‌എസിന്റെ ഭാരവാഹിത്വമില്ലെങ്കിലും ബിജെപിയുടെ ഭാഗമായി പ്രവർത്തിക്കുകയാണ് നിലവിൽ ജേക്കബ് തോമസ്.
'സേവനത്തിന് കൂടുതൽ നല്ലത് ആർഎസ്‌എസ് ആണ്. പദവികളൊന്നും ആഗ്രഹിക്കുന്നില്ല. മുഴുവൻ സമയപ്രവർത്തനമാണ് ലക്ഷ്യം. ഹൃദയപൂർവം ഭാരതത്തോട് ചേർന്നുനിൽക്കുക എന്ന ആശയത്തോടെയാണ് നൂറാംവർഷം ആഘോഷിക്കുന്ന ആർഎസ്‌എസിൽ സജീവമാകുന്നത്. 1997 മുതലാണ് ആർഎസ്‌എസിൽ ആകൃഷ്ടനായത്. ഇനി ആ ആശയങ്ങൾക്കൊപ്പം സഞ്ചരിക്കുകയാണ്. വർഗീയ ആരോപണങ്ങൾക്കുള്ള മറുപടിയായാണ് ആർഎസ്‌എസിൽ ചേർന്നത്. സംഘത്തിന് രാഷ്ട്രീയമില്ല. ലോകത്തെ ഏറ്റവും വലിയ സന്നദ്ധസംഘടനയാണത്. ജനങ്ങളുടെ ഉന്നതിക്കായി പ്രവർത്തിക്കുന്ന സംഘടനയാണത്. ഞാനും അതിന്റെ ഭാഗമാവുകയാണ്'- ജേക്കബ് തോമസ് വ്യക്തമാക്കി. നേരത്തെ ആർഎസ്‌എസിന്റെ ചില പരിപാടികളിൽ അതിഥിയായി ജേക്കബ് തോമസ് പങ്കെടുത്തിരുന്നു.
പൊലീസിൽ നിന്ന് വിരമിച്ചതിനുശേഷം 2021ൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ പങ്കെടുത്ത തൃശൂർ സമ്മേളനത്തിലാണ് ജേക്കബ് തോമസ് ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 30,000ൽ ഏറെ വോട്ടുകളായിരുന്നു അന്ന് നേടിയത്.